
ഐ.എസ്. എല്ലില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി നോര്‍ത്ത് ഈസ്റ്റിനെ സ്വന്തം തട്ടകത്തില്‍ നേരിടും. ലീഗിലെ തങ്ങളുടെ കുതിപ്പ് തുടരുക എന്നതായിരിക്കും നോര്‍ത്ത് ഈസ്റ്റിന്റെ ലക്ഷ്യം. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.
ആറാം മത്സരത്തിന് ഇറങ്ങുന്ന ഡല്‍ഹി സീസണിലെ ആദ്യ ജയം തേടിയാണ് ഇറങ്ങുന്നത്. അവസാന മത്സരത്തില്‍ മുംബൈയോട് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോറ്റാണ് ഡല്‍ഹി മടങ്ങിയത്. ഗോള്‍ കണ്ടെത്താന്‍ വിഷമിക്കുന്ന ആക്രമണ നിരയാണ് ഡല്‍ഹിയുടെ തലവേദന. ആകെ നേടിയ 3 ഗോളില്‍ രണ്ടും പ്രതിരോധ താരങ്ങളില്‍ നിന്നായിരുന്നു എന്നത് അവരുടെ ആക്രമണനിരയുടെ കുറവ് എടുത്തു കാണിക്കുന്നുണ്ട്.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആവട്ടെ ഈ സീസണില്‍ തോല്‍വിയറിയാതെ കുതിക്കുകയാണ്. സ്വന്തം ഗ്രൗണ്ടില്‍ ജാംഷെഡ്പൂറിനോട് സമനില വഴങ്ങിയാണ് നോര്‍ത്ത് ഈസ്റ്റ് ഇന്നിറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഇന്നത്തെ മത്സരം ജയിച്ചാല്‍ എഫ്.സി ഗോവയെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം. മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ ഓഗ്ബെചെയിലാണ് നോര്‍ത്ത് ഈസ്റ്റിന്റെ പ്രതീക്ഷകള്‍. ഇതുവരെ അഞ്ചു ഗോളുകള്‍ അടിച്ചു കൂട്ടിയ ഓഗ്ബെചെ മികച്ച ഫോമിലാണ്.






