ഹൈദരാബാദ്: കോണ്‍ഗ്രസുമായി സഖ്യം ചേരാനുള്ള തെലുങ്ക് ദേശം പാര്‍ട്ടിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ടി രാമറാവുവിന്റെ ഭാര്യ നന്ദമൂരി ലക്ഷ്മി പാര്‍വതി. എന്‍.ടി.ആറിന്റെ മകളുടെ ഭര്‍ത്താവും നിലവില്‍ ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് ഇപ്പോള്‍ ടി.ഡി.പിയെ നയിക്കുന്നത്. ബി.ജെ.പിക്കെതിരെ ബദല്‍ രൂപകീരിക്കാന് കോണ്‍ഗ്രസുമായി സഖ്യം രൂപീകരണ നീക്കങ്ങളിലാണ് ചന്ദ്രബാബു നായിഡു.
നായിഡുവിന്റെ നീക്കത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് എന്‍.ടി.ആറിന്റെ ഭാര്യ ലക്ഷ്മി പാര്‍വതി. തെലുങ്കന്റെ ആത്മാഭിമാനം ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പണയം വച്ചിരിക്കുകയാണെന്നും ഇത് വീണ്ടെടുക്കാന്‍ എന്‍.ടി.ആര് പുനര്‍ജനിക്കണമെന്നും ലക്ഷ്മി പാര്‍വതി ആവശ്യപ്പെട്ടു. പുനര്‍ജനിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി പാര്‍വതി എഴുതിയ കത്ത് എന്‍.ടി.ആറിന്റെ ശവകുടീരത്തില്‍ സ്ഥാപിച്ചു. തുടര്‍ന്ന് കുത്തിയിരുപ്പ് സമരവും അവര്‍ നടത്തി.
35 വര്‍ഷത്തെ സിനിമ ജീവിതം ഉപേക്ഷിച്ച് ചന്ദ്രബാബു നായിഡു രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് തന്നെ കോണ്‍ഗ്രസിന്റെ പിടിയില്‍ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനാണെന്ന് ലക്ഷ്മി പാര്‍വതി ഓര്‍മ്മിപ്പിച്ചു. പാര്‍ട്ടിയുടെ എല്ലാ നിലപാടുകളും തകര്‍ത്തു കൊണ്ടാണ് ചന്ദ്രബാബു നായിഡു കോണ്‍ഗ്രസുമായി കൈകോര്ക്കുന്നയെന്നും ലക്ഷ്മി പാര്‍വതി കുറ്റപ്പെടുത്തി. അവസരവാദ സഖ്യത്തിന് വേണ്ടി, ചന്ദ്രബാബു നായിഡു കോണ്‍ഗ്രസിന് മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണെന്നും ലക്ഷ്മി പാര്‍വതി വിമര്‍ശിച്ചു.
എന്‍.ടി.ആറിന്റെ മരണത്തിന് ശേഷം ലക്ഷ്മി പാര്‍വതി സ്വന്തം പാര്‍ട്ടി രൂപീകരിച്ചിരുന്നു. എന്‍.ടി.ആര് തെലുങ്ക് ദേശം എന്ന പേരില്‍ രൂപീകരിച്ച പാര്‍ട്ടിയുടെ ചിഹ്നത്തില്‍ അവര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ട് കൊണ്ടു പോകാന്‍ ലക്ഷ്മി പാര്‍വതിക്ക് സാധിച്ചില്ല. 2012ല്‍ വൈ.എസ്.ആര് കോണ്‍ഗ്രസുമായി എന്‍.ടി.ആര് തെലുങ്ക് ദേശം പാര്‍ട്ടി ലയിച്ചു.






