
തിരുവനന്തപുരം: ഹോളണ്ട് ആസ്ഥാനമായ കെ.പി.എം.ജിയെ പ്രളയാനന്തരകേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നു. പ്രളയശേഷം സംസ്ഥാനസര്‍ക്കാര്‍ കെട്ടിഘോഷിച്ച സുപ്രധാന തീരുമാനങ്ങളിലൊന്ന് കെ.പി.എം.ജിയെ കണ്സള്ട്ടന്റാക്കുക എന്നതായിരുന്നു. കരിമ്പട്ടികയില്‍പ്പെട്ട ആഗോളസ്ഥാപനമെന്ന് ആരോപണം നേരിടുന്ന കെ.പി.എം.ജിയെ ഏകപക്ഷീയമായി തെരഞ്ഞെടുത്തതിനെതിരേ വന്‍വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സാവകാശം കമ്പനിയെ ഒഴിവാക്കി മുഖം രക്ഷിക്കാനാണു സര്‍ക്കാര്‍ നീക്കം.
കെ.പി.എം.ജിയുടെ പല നിര്‍ദേശങ്ങളും അപ്രായോഗികമായതിനാല്‍, ടെന്‍ഡര്‍ വിളിച്ച് ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളെ നവകേരളനിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്‍സി ചുമതല ഏല്‍പ്പിക്കാനാണു പുതിയനീക്കം. ടെന്‍ഡര്‍ സംബന്ധിച്ച ഉത്തരവിറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചതായാണു സൂചന.
കെ.പി.എം.ജി. നിര്‍ദേശിച്ചപ്രകാരം പുനര്‍നിര്‍മാണത്തിനും പുനരധിവാസത്തിനും സര്‍ക്കാര്‍ തുടങ്ങിയ ക്രൗഡ് ഫണ്ടിങ് പോര്‍ട്ടലില്‍ ഇതുവരെ കാര്യമായ പ്രതികരണങ്ങളുണ്ടായിട്ടില്ല. ലോകത്തെവിടെയുമുള്ളവര്‍ക്കു പോര്‍ട്ടല്‍ മുഖേന പണം സംഭാവന ചെയ്യാമെന്നിരിക്കേ, മൂന്നാഴ്ച കഴിഞ്ഞിട്ടും 150 രൂപ മാത്രമാണു ലഭിച്ചത്. ലക്ഷങ്ങള്‍ ചെലവിട്ട പോര്‍ട്ടല്‍ നിര്‍മിച്ചത് അശാസ്ത്രീയമായാണെന്നും കണ്ടെത്തി. ആഗോള കണ്‍സള്‍ട്ടന്‍സിയായ കെ.പി.എം.ജി. ഇന്ത്യയിലും പുറത്തും നിരവധി വിവാദങ്ങളില്‍ കുടുങ്ങിയിട്ടുണ്ടെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അതവഗണിച്ചു. പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണു സര്‍ക്കാരിന്റെ നിലപാടുമാറ്റം.
നടപ്പാക്കാവുന്ന പദ്ധതികളെക്കുറിച്ചും അവലംബിക്കാവുന്ന നൂതന നിര്‍മാണരീതികളെക്കുറിച്ചും ഉപദേശം നല്കുന്നതിനു പുറമേ, വിഭവസമാഹരണം സംബന്ധിച്ചും സര്‍ക്കാരിനു വിവരം നല്‍കേണ്ട ചുമതലയാണു കണ്സള്ട്ടന്സിക്കുള്ളത്.
ഇതിനായി സൗജന്യസേവനം നല്‍കുമെന്നാണു ലോകത്തിലെ നാലാമത്തെ വലിയ ഓഡിറ്റിങ് കമ്പനിയായ കെ.പി.എം.ജി. പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍, തല്ക്കാലം ഇവരെ നിലനിര്‍ത്തിക്കൊണ്ട്, മറ്റു രാജ്യാന്തര കമ്പനികളില്‍നിന്നു ടെന്‍ഡര്‍ വിളിക്കാനാണു സര്‍ക്കാര്‍ നീക്കം.
എസ്. നാരായണന്






