
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാറിന്റെ മരണത്തിന് ഇടയാക്കിയ ഡിവൈഎസ്പി ഹരികുമാര്‍ മധുരയില്‍ നിന്നും മാറിയെന്ന് പോലീസ് നിഗമനം. ഇയാളുടെ സുഹൃത്ത് ബിനുവും ഒപ്പമുണ്ടെന്നാണ് സൂചന. ഇതിനിടെ, ഹരികുമാറിന്റെ സഹോദരനോട് ഓഫീസിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡിവൈഎസ്പി ഹരികുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ക്രൈംബ്രാഞ്ച് ശക്തമാക്കിയിട്ടുണ്ട്. കീഴടങ്ങാന്‍ പറയണമെന്ന് ഹരികുമാറിന്റെ കുടുംബത്തോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഭാര്യയോടും അടുത്ത ബന്ധുക്കളോടുമാണ് അന്വേഷണ സംഘം ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
്എന്നാല്‍, കീഴടങ്ങിയാല്‍ നെയ്യാറ്റിന്‍കര സബ് ജയിലിലേയ്ക്ക് അയയ്ക്കരുതെന്ന് ഹരികുമാര്‍ നിബന്ധന വെച്ചിട്ടുണ്ട്. പോലീസ് അസോസിയേഷനോടാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്ത പ്രതികള്‍ നെയ്യാറ്റിന്കരയിലുണ്ടെന്നും അതിനാല്‍ അവിടേയ്ക്ക് അയക്കുന്നത് സുരക്ഷിതമാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നിബന്ധന വെച്ചിരിക്കുന്നത്.
ക്വാറി ഉടമകളും, പൊലീസ് അസോസിയേഷന് ഉന്നതനും സഹായിക്കുന്ന ഹരികുമാര്‍, തമിഴ്നാട്ടിലെ അരമന, ചിത്തിരംകോട് പ്രദേശത്ത് ഒളിവിലെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കരയിലുള്ള രണ്ട് ക്വാറി ഉടമകളും തമിഴ്നാട്ടില്‍ ഇഷ്ടിക വ്യവസായമുള്ള ബിസിനസുകാരനുമാണ് ഹരികുമാറിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവരുന്നതെന്നാണ് സൂചന. ഇവരുടെ തന്നെ ദുബായിലെ ബന്ധുവിന്റെ അടുത്തേയ്ക്ക് ബംഗുളൂരു വഴി പുറത്തു കടത്താന്‍ തീരുമാനിച്ചുവെങ്കിലും പാസ്പോര്‍ട്ട് കണ്ടുകെട്ടാനുള്ള ഐജിയുടെ തീരുമാനത്തില്‍ ഈ ശ്രമം പാളി.






