
തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാര്‍ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ നെയ്യാറ്റിന്‍കര സ്വദേശി സനലിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് പോലീസ്. ഇതുസംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റയാണ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്. സനല്‍ കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കണമെന്ന കുടുംബത്തിന്റെ അപേക്ഷയിലാണ് ഡിജിപി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
രണ്ടു കുട്ടികളും ഭാര്യയും അമ്മയും ഉള്‍പ്പെടുന്ന കുടുംബത്തില്‍ ഏക ആശ്രയമായിരുന്നു മരിച്ച സനല്‍ കുമാര്‍. കുടുംബത്തിന്റെ താല്പര്യം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.പ്രതിയെ പിടികൂടുന്നതിനൊപ്പം കുടുംബത്തിന് നഷ്ടപരിഹാരവും സനലിന്റെ ഭാര്യയ്ക്ക് ജോലിയും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു.
സംഭവം നടന്ന് ആറു ദിവസമായിട്ടും പ്രതിയായ ബി.ഹരികുമാറിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഹരികുമാര്‍ പോലീസില്‍ കീഴടങ്ങുമെന്ന സൂചനകള്‍ നേരത്തെ ലഭിച്ചിരന്നുവെങ്കിലും ഇതിന് സാധ്യതയില്ലെന്നാണ് ഇപ്പോള്‍ പോലീസ് വ്യക്തമാക്കുന്നത്. അതേസമയം കൊലപാതകം നടന്ന കൊടങ്ങാവിളയില്‍ ദൃഷ്സാക്ഷികളുടെ മൊഴി എടുക്കാനെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. പ്രതിയായ ഹരികുമാറിനെ അറസ്റ്റു ചെയ്യാതെ നടത്തുന്ന മൊഴിയടുപ്പ് പ്രഹസനമാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ തടഞ്ഞത്. ഇതോടെ മൊഴിയെടുക്കാതെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു.






