
തിരുവനന്തപുരം: ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയായ 'വിമുക്തി'യുടെ മറവില്‍ എക്സൈസ് വകുപ്പില്‍ കോടികളുടെ ധൂര്‍ത്ത്. ഡിഅഡിക്ഷന്‍ സെന്ററുകള്‍ക്കു സര്‍ക്കാര്‍ അനുവദിച്ച തുക വകമാറ്റുന്നത് എക്സൈസ് ഉന്നതരുടെ അറിവോടെയെന്നു സൂചന. മദ്യത്തിനും മയക്കുമരുന്നിനും പുകയില ഉല്പ്പന്നങ്ങള്ക്കുമെതിരേ ജില്ലാ, സംസ്ഥാനതലത്തില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ബോധവല്‍ക്കരണത്തിന്റെ പേരിലടക്കമാണു വന്‍തുക പൊടിക്കുന്നത്.
ലഹരി ഉപഭോഗം മൂലം രോഗികളാകുന്നവരുടെ ചികിത്സയ്ക്കും ബോധവല്‍ക്കരണത്തിനും തുക സമാഹരിക്കാന്‍ ലക്ഷ്യമിട്ട് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനയില്നിന്ന് അഞ്ചു ശതമാനം സെസ് ഈടാക്കുന്നുണ്ട്. ഈ തുകയാണ് എക്സൈസ് വകുപ്പ് പല മാര്‍ഗത്തില്‍ ചെലവഴിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ലഹരി വിരുദ്ധ ക്ലബ് രൂപീകരിക്കാന്‍ 5,000 രൂപയും പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്ന അധ്യാപകന് 1,000 രൂപയും നല്‍കുന്നുണ്ട്. 2500 സ്കൂളുകള്‍ക്കായി 1.5 കോടി രൂപയാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്. തുക കൈപ്പറ്റിയാലും ബോധവല്‍ക്കരണം പേരിനുമാത്രമാണെന്നാണ് ആക്ഷേപം.
ഇതിനുപുറമേ മുഴുവന്‍ ജില്ലാ ആശുപത്രികളിലും 23 ലക്ഷം രൂപവീതം ചെലവഴിച്ച് ടിവി ഉള്‍പ്പെടെയുള്ളവ വാങ്ങി വാര്‍ഡുകള്‍ മോടിപിടിക്കാനും എക്സൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ലക്ഷങ്ങള്‍ ശമ്പളം നല്കി 32 ഡോക്ടര്‍മാരെ നിയമിക്കാനും നീക്കമുണ്ട്. ഡി-അഡിക്ഷന് സെന്ററുകളിലേക്ക് ഡോക്ടര്‍മാരുടെ സേവനം നല്‍കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടും നേരിട്ടുള്ള നിയമനത്തിനാണ് എക്സൈസ് വകുപ്പ് കരുനീക്കുന്നത്. ഇതിനായി ചില ഉന്നതര്‍ ലേലം വിളിയും തുടങ്ങിയിട്ടുണ്ട്.
എക്സൈസ് വകുപ്പ് ഹെഡ് ഓഫീസില്‍ ഡി- അഡിക്ഷന് സെല്‍ എന്ന പേരില്‍ ആരംഭിച്ച ക്ലിനിക്കും വെള്ളാനയാണെന്നാണ് ആക്ഷേപം. ഇതുവരെ ഒരാള്‍ക്കുപോലും ചികിത്സയോ കൗണ്‍സലിങ്ങോ ഇവിടെ നല്കിയിട്ടില്ലത്രേ. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരു ലക്ഷം രൂപാവീതം ശമ്പളത്തില്‍ മനോരോഗ വിദഗ്ദ്ധന്, സോഷ്യോളജിസ്റ്റ്, ഡോക്ടര്‍ എന്നിവരെ നിയമിച്ചിട്ടുമുണ്ട്. ലക്ഷങ്ങള്‍ കോഴ വാങ്ങിയാണ് ഇവരുടെ നിയമനമെന്നും സ്ഥിരനിയമനം അടക്കമുള്ളവയ്ക്ക് അണിയറനീക്കമുണ്ടെന്നും പറയുന്നു. പുകയില, മദ്യം, മയക്കുമരുന്ന് ഉപഭോഗത്തിലൂടെ രോഗികളായവര്‍ക്കു ചികിത്സാസൗകര്യം ഒരുക്കാന്‍പോലും മെനക്കെടാത്ത വകുപ്പാണ് ബോധവല്‍ക്കരണത്തിന്റെ പേരില്‍ കോടികള്‍ ചെലവഴിക്കുന്നതെന്നാണു വിമര്‍ശനം. കഴിഞ്ഞവര്‍ഷം വിമുക്തി ഫണ്ടില്‍നിന്ന് തുക ചെലവിട്ട് ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ച പരീക്ഷണത്തിലും വകുപ്പ് പഴിയേറെക്കേട്ടിരുന്നു.






