
ആഗ്ര: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് നാല് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കൂട്ടുപ്രതി അറസ്റ്റിൽ. 2021-ലെ ഗ്രാമപഞ്ചായത്ത് ഗ്രാം പ്രധാൻ തിരഞ്ഞെടുപ്പിലുണ്ടായ തർക്കത്തെ തുടർന്ന് പെൺകുട്ടിയുടെ കുടുംബത്തോട് പ്രതികാരം തീർക്കാനാണ് 45-കാരനായ പ്രധാന പ്രതി ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത്. ഒളിവിൽ പോയ പ്രധാന പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
ഹരിയാനയിലെ ഫരീദാബാദിൽ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ പിതാവും കുടുംബവും രോഗിയായ മുത്തശ്ശനെ കാണാനായാണ് കാസ്ഗഞ്ചിലെ സ്വന്തം ഗ്രാമത്തിൽ എത്തിയത്. ജൂൺ 6-ന് വീടിന് പുറത്തേക്കിറങ്ങിയ കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് അന്നുതന്നെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, മൂന്ന് ദിവസങ്ങൾക്ക് ശേഷം ജൂൺ 9-ന് ഗ്രാമത്തിലെ വിജനമായ ഒരു സ്ഥലത്തുനിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായത്. ഇതിനെ തുടർന്ന് ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളും പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളും കേസിൽ കൂട്ടിച്ചേർത്തു.
തന്റെ കുടുംബത്തെ ഒരു പാഠം പഠിപ്പിക്കാൻ പ്രതികൾ മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഇരയാണ് തന്റെ മകളെന്ന് പിതാവ് പരാതിയിൽ പറഞ്ഞു. പിടിയിലായ കൂട്ടുപ്രതി കുറ്റം സമ്മതിച്ചതായും ഒളിവിൽ കഴിയുന്ന പ്രധാന പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്നും കാസ്ഗഞ്ച് എസ്‌പി ഒ.പി. സിംഗ് അറിയിച്ചു.






