
ചെന്നൈ: ട്രെയിനില്‍ മോഷണം നടത്തി കവര്‍ന്ന 5.78 കോടിയില്‍ പകുതിയിലധികം നോട്ടുകള്‍ നോട്ടു നിരോധനം ചതിച്ചതോടെ കത്തിച്ചു കളയേണ്ടി വന്നെന്ന് മോഷ്ടാക്കള്‍. നോട്ട് നിരോധനം വരുന്നതിന് തൊട്ടു മുമ്പ് 2016 ഓഗസ്റ്റില്‍ നടന്ന മോഷണത്തിന്റെ ബാക്കിപത്രം പോലീസിന് മുന്നില്‍ തുറന്നിട്ടത് രണ്ടു വര്‍ഷത്തിന് ശേഷം പിടിയിലായ കള്ളന്മാരാണ്.
സേലം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്നും ചെന്നൈയിലെ റിസര്‍വ് ബാങ്ക് സോണല്‍ ഓഫീസിലേക്ക് പണവുമായി പോയ ട്രെയിനില്‍ കവര്‍ച്ച നടത്തിയവരെയാണ് പോലീസ് പിടികൂടിയത്. വൃദ്ധാചലത്തിനും ചിന്നസേലത്തിനും ഇടയില്‍ വെച്ചായിരുന്നു പണം മോഷ്ടിച്ചത്.
പിറ്റേന്ന് ട്രെയിന്‍ എഗ്മൂര്‍ സ്റ്റേഷനില്‍ എത്തിയതോടെ മോഷണ വിവരം പുറത്തു വരികയും ചെയ്തു. ഞെട്ടിക്കുന്ന രീതിയിലായിരുന്നു സംഘം കവര്‍ച്ച നടത്തിയതും കേസില്‍ അന്വേഷണം നടന്നത്. പണം സൂക്ഷിച്ചിരുന്ന പ്രത്യേക കമ്പാര്‍ട്ട്മെന്റില്‍ ദ്വാരം ഉണ്ടാക്കി കൊള്ളക്കാര്‍ മോഷണം നടത്തിയപ്പോള്‍ നാസയുടെ ഉപഗ്രഹങ്ങള്‍ വരെ ഉപയോഗപ്പെടുത്തിയാണ് കേസന്വേഷണം നടന്നത്്. പണം കൂടുതലും പഴയ 500 ന്റെയും 1000 ന്റെയും നോട്ടുകളായിരുന്നു.
മൂന്ന് മാസത്തോളം എല്ലാം ശരിയായി തന്നെ പോയി. ഒരിക്കലും പിടിയിലാകില്ലെന്ന് വിശ്വാസം വന്നതോടെ പങ്കിട്ടെടുത്ത 5 കോടി രൂപയിലെ പകുതി പണം ഉപയോഗിച്ച് പ്രതികള്‍ മദ്ധ്യപ്രദേശില്‍ വസ്തുവകകള്‍ വാങ്ങി. എന്നിട്ടും ഒന്നരകോടി രൂപ മാത്രമാണ് ചെലവഴിക്കാന്‍ കഴിഞ്ഞത്. ബാക്കി തുക കൈവശം ഇരിക്കെയാണ് ബിജെപി സര്‍ക്കാര്‍ നവംബര്‍ 8 ന് അപ്രതീക്ഷിതമായി നോട്ടുനിരോധനം പ്രഖ്യാപിച്ചത്. ഇതോ െകൈവശമുണ്ടായിരുന്ന 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ മാറിയെടുക്കാന്‍ കഴിയാതെ പോയി.
ഒന്നും നടക്കാതെ വന്നതോടെ രണ്ടരകോടിയോളം രൂപ കത്തിച്ചു കളഞ്ഞെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി. എക്സ്പ്രസ് ട്രെയിനിലായിരുന്നു പണം കൊണ്ടുപോയത്. പ്രത്യേക കംപാര്‍ട്ട്മെന്റ് ഒരുക്കി 226 പെട്ടികളിലായി ആകെ 342 കോടി രൂപയാണുണ്ടായിരുന്നത്. കംപാര്‍ട്ട്മെന്റിന്റെ മുകള്ഭാഗം തുരന്നായിരുന്നു ഇതില്‍ അഞ്ചുകോടി മോഷ്ടിച്ചത്. സ്പെഷ്യല്‍ ടീമായ സിബിസിഐഡി ആയിരുന്നു കേസ് അന്വേഷിച്ചത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് സാങ്കേതിക തെളിവുകള്‍ കിട്ടിയത്.
മദ്ധ്യപ്രദേശില്‍ നിന്നുള്ള സംഘമായിരുന്നു മോഷ്ടാക്കള്‍. കൃത്യം നടന്ന സമയത്ത് പ്രവര്‍ത്തിച്ചിരുന്ന മൊബൈല്‍ ഫോണുകളില്‍ നിന്നുമാണ് പ്രതികള്‍ നാലോ അഞ്ചോ പേര് ചേര്‍ന്ന സംഘമാണെന്ന് വ്യക്തമായത്. ഈ ഫോണ്‍ നമ്പറുകള്‍ സേലം ജംഗ്ഷനില്‍ ആക്ടീവ് ആയിരുന്നതായും സേലം മുതല്‍ വില്ലുപുരം വരെയുള്ള റൂട്ടില്‍ സജീവിമായിരുന്നതായും കണ്ടെത്തി. മദ്ധ്യപ്രദേശില്‍ ഉപയോഗിച്ചിരുന്ന ചില നമ്പരുകളോട് ഇതിനുള്ള സാമ്യത മനസ്സിലാക്കിയ പോലീസ് പിന്നീട് വടക്കേ ഇന്ത്യയില്‍ സ്ഥിരം കുറ്റകൃത്യം നടത്തിയിരുന്ന മദ്ധ്യപ്രദേശില്‍ നിന്നുളള ഗ്യാംഗുകളിലേക്ക് എത്തുകയായിരുന്നു. ബോഗിയ്ക്കകത്തും മുകളിലുമായായിരുന്നു ഗ്യാംഗ് പ്രവര്‍ത്തിച്ചതെന്ന് പോലീസ് കണ്ടെത്തി. സെന്‍ട്രല്‍ ഇന്റലിജന്റ്സിന്റെ ആള്ക്കാര് ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം മദ്ധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെയാണ് കുറ്റവാളികളെ കണ്ടെത്തിയത്.
സേലം ജംഗ്ഷനിലെ സിസിടിവി ദൃശ്യങ്ങളും സേലം മുതല്‍ വില്ലുപുരും വരെയുള്ള ജില്ലകളിലെ ഹൈവേകളിലെ ടോള്‍ പ്ളാസകളില്‍ നിന്നും സംശയാസ്പദ സാഹചര്യത്തിലുള്ളവരും അവരുടെ വാഹനങ്ങളും കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം. അന്വേഷണസംഘത്തിന്റെ വിവരം ചോര്‍ത്താന്‍ വരെ ഗ്യാംഗുകള്‍ക്ക് ആള്‍ക്കാരുണ്ടായിരുന്നു. അതേസമയം ഇത്രയും പെട്ടികള്‍ കൊണ്ടുപോകുക ദുഷ്ക്കരമായതിനാല്‍ കിട്ടിയ പണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.






