
തിരുവനന്തപുരം : നാട്ടിലും അന്യനാട്ടിലും ഉള്‍പ്പെടെ തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരവേ കല്ലമ്പലം വെയിലൂരിലെ നന്ദാവനമെന്ന പൂട്ടിക്കിടന്ന വീട്ടിലേയ്ക്ക് എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഡിവൈ എസ്.പി ഹരികുമാര്‍ എങ്ങനെ എത്തി എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. വീടിന്റെ എല്ലാ കോണുകളിലും സിസി ടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ ഹരികുമാര്‍ എത്തുന്ന ദൃശ്യങ്ങള്‍ പതിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ചു വരികയാണ്.
തിങ്കളാഴ്ച വൈകിട്ടു തന്നെ ഹരികുമാര്‍ ഈ വീട്ടില്‍ എത്തിയിരിക്കാമെന്നാണ് നിഗമനം. ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ചായ്പിലേയ്ക്ക് പോകുന്ന ഭാഗത്തും കാമറയുണ്ട്. ഇതും പോലീസ് പരിശോധിച്ചു വരികയാണ്.
ഇതിനിടെ, ഹരികുമാറിന്റെ സഹായിയായ ബിനുവിന്റെ മൊഴി പുറത്തു വന്നിട്ടുണ്ട്. സനില്‍ വാഹനമിടിച്ച് ഗുരുതരാവസ്ഥയല്‍ കിടക്കവേ അവിടെ നിന്നും രക്ഷപെട്ട ഡിവൈ എസ്.പി ആദ്യമെത്തിയത് കല്ലമ്പലത്തെ വീട്ടിലാണ്. അവിടെ നിന്നും വസ്ത്രങ്ങള്‍ എടുത്തശേഷമാണ് ഒളിവില്‍ പോയത്. ഒളിവില്‍ പോകും മുന്‍പ് അഭിഭാഷണനെ കണ്ട് സംസാരിച്ചിരുന്നു. ധര്‍മ്മസ്ഥല്‍ വരെ തുടര്‍ച്ചയായി യാത്ര ചെയ്തു. എന്നാല്‍ തുടര്‍ച്ചയായ യാത്ര പ്രമേഹരോഗിയായ ഹരികുമാറിനെ അവശനാക്കി. തുടര്‍ന്ന് ചെങ്കോട്ട വഴി ആറ്റിങ്ങല്‍ കല്ലമ്പലത്തെ വീട്ടിലെത്തി.
ജാമ്യം ലഭിക്കുമെന്ന് അഭിഭാഷകന് നല്കിയ ഉറപ്പ് ഹരികുമാര്‍ പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു. എന്നാല്‍ ജാമ്യത്തിന് സാധ്യതയില്ലെന്ന് അറിഞ്ഞതോടെ കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.






