
തിരുവനന്തപുരം : ജീവനൊടുക്കിയ ഡിവൈ.എസ്.പി ബി ഹരികുമാര്‍ മകനും ഭാര്യയ്ക്കും സഹോദരനും ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നതായി പോലീസ്. മരണസമയത്ത് ധരിച്ചിരുന്ന ടീ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നാണ് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അമ്മയെ നോക്കണമെന്ന് ഭാര്യയോടും നന്നായി പഠിക്കണമെന്ന് മകനോടും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മകനെയും ഭാര്യയെയും നോക്കിക്കൊള്ളണമെന്നാണ് കുറിപ്പില്‍ സഹോദരനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, നാട്ടിലും അന്യനാട്ടിലും ഉള്‍പ്പെടെ തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരവേ കല്ലമ്പലം വെയിലൂരിലെ നന്ദാവനമെന്ന പൂട്ടിക്കിടന്ന വീട്ടിലേയ്ക്ക് എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഡിവൈ എസ്.പി ഹരികുമാര്‍ എങ്ങനെ എത്തി എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. വീടിന്റെ എല്ലാ കോണുകളിലും സിസി ടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ ഹരികുമാര്‍ എത്തുന്ന ദൃശ്യങ്ങള്‍ പതിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ചു വരികയാണ്.






