
തിരുവനന്തപുരം: മണ്ഡല-മകര വിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും കനത്ത സുരക്ഷാ വലയത്തില്‍. മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ ഇന്ന് അര്‍ധരാത്രി മുതല്‍ ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരേധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ നവംബര്‍ 22 വരെയാണ് നിരോധനാജ്ഞ. തീര്ത്ഥാടാകര്ക്കും വാഹനങ്ങള്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ശബരിമല സന്നിധാനം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ആറു മേഖലകളായി തിരിച്ച് നാലു ഘട്ടങ്ങളിലായി സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഉന്നതഉദ്യോഗസ്ഥര്ക്കു പുറമെ ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിരിക്കുന്നത്. ദക്ഷിണമേഖല എഡിജിപി എസ് അനില്‍കാന്തിനും ചീഫ് കോര്‍ഡിനേറ്റര്‍ എസ് ആനന്ദകൃഷ്ണനുമാണ് പ്രധാന ചുമതലകള്‍. ഐജി മനോജ് എബ്രാഹാമും ചീഫ് കോര്‍ഡിനേറ്ററായിരിക്കും. സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ നിലയ്ക്കലില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ പോലീസിന്റെ ഉന്നതതല യോഗം ചേര്‍ന്നു.
നാലു ഘട്ടങ്ങളിലായി എസ്.പി, എ.എസ്.പി തലത്തില്‍ ആകെ 55 പേരും, ഡിവൈഎസ്പി തലത്തില്‍ 11ഖ പേരും, ഇന്‍സ്പെക്ടര്‍ തലത്തില്‍ 359 പേരും എസ്ഐ തലത്തില്‍ 1,450 പേരും സുരക്ഷാ ചുമതലയില്‍ നിയോഗിച്ചിട്ടുണ്ട്. വനിതാ സിഐ, എസ്ഐ തലത്തില്‍ 60 പേരും 860 വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ഒന്നാം ഘട്ടത്തില്‍ 3,450 പോലീസ് ഉദ്യോഗസ്ഥരെ വിന്ന്യസിച്ചിട്ടുണ്ട്. ഒരു സബ്ബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 20 അംഗങ്ങളുള്ള കേരള പോലീസ് കമാന്‍ഡോ സംഘത്തെയും സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഏത് സാഹചര്യവും നേരിടുന്നതിനായി തണ്ടര്‍ ബോള്‍ട്ടിന്റെ ഒരു പ്ലറ്റൂണിനെ മണിയാറില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ബോംബുകള്‍ കണ്ടെത്തി നിര്വീര്യമാക്കിമാക്കുന്ന കേരള പോലീസിന്റെ 234 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും പമ്പയിലും സന്നിധാനത്തും വിന്യസിച്ചിട്ടുണ്ട്.






