
സന്നിധാനം: ശബരിമലയില്‍ മണ്ഡലകാലം തുടങ്ങി ഇന്നു മുതല്‍ നട തുറന്നിരിക്കെ പമ്പയില്‍ തീര്‍ത്ഥാടകര്‍ വെള്ളമോ പ്രാഥമിക സൗകര്യത്തിന് മാര്‍ഗ്ഗമോ ഇല്ലാതെ വിഷമിക്കുന്നു. അടിസ്ഥാന സൗകര്യത്തിന് മാര്‍ഗ്ഗമില്ലാതെ ശുചിമുറിയുടെ പിന് ഭാഗത്തെ തുറസ്സായ സ്ഥലത്ത് കാര്യം സാധിക്കേണ്ട അവസ്ഥയിലാണ് അയ്യപ്പന്മാര്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പെട്ടെന്ന് പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കാര്യങ്ങള്‍ കൂടുതല്‍ ദുഷ്ക്കരമാകുമെന്നാണ് വിലയിരുത്തല്‍.
ശുചിമുറികളില്‍ ഇന്നു രാവിലെ മുതല്‍ വെള്ളമില്ല. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ വേറെ ഒരു നിവൃത്തിയുമില്ലാത്ത അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ വീര്‍പ്പുമുട്ടുകയാണ്. വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ക്ളോസറ്റുകളില്‍ വിസര്‍ജ്ജ്യം കെട്ടിക്കിടക്കുകയാണ്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വനത്തിലേക്ക് പോകേണ്ടി വരുന്നെന്ന് തീര്‍ത്ഥാടകര്‍ പരാതിപ്പെടുകയാണ്. ശുചിമുറി കോപ്ലക്സിന് പുറകിലെ തുറസായ സ്ഥലത്ത് നിലവില്‍ പ്രാഥമിക ആവശ്യത്തിന് പോകേണ്ടി വരുന്ന അവസ്ഥയിലാണ് തീര്‍ത്ഥാടകര്‍.
പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ അവസ്ഥയും പരിതാപകരമാണ്. പ്രളയമെടുത്ത സ്ട്രെച്ചറുകളും കിടക്കകളും ആശുപത്രിയില്‍ കൂട്ടിയിട്ടിരിക്കുന്നു. താഴത്തെ നിലയില്‍ തറയില്‍ ടൈല്‍സ് പാകി തീര്‍ത്തിന്നിട്ടില്ല. ശൗചാലങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതേയുള്ളൂ. കാനനപാതിയില്‍ അയ്യപ്പഭക്തര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഏറ്റവുമധികം ആശ്രയമാകുന്ന ആശുപത്രിയായിരുന്നു ഇത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമല തുറന്നത്. അപ്പോള്‍ മുതല്‍ സന്നിധാനത്ത് വലിയ തിരക്കാണ്. ദര്‍ശനത്തിന് ഇപ്പോഴും നീണ്ട ക്യൂവാണ്. ശബരിമലയും പരിസരപ്രദേശങ്ങളും ശക്തമായ പോലീസ് കാവലിലാണ്. സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രി പത്തു മണിക്ക് നട അടച്ച ശേഷം സന്നിധാനത്ത് തങ്ങിയവരെ പോലീസ് ഒഴിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ വിടാന്‍ തുടങ്ങിയിരുന്നെങ്കിലും മരക്കൂട്ടത്ത് വീണ്ടും തടഞ്ഞു. ക്യൂ പാലിച്ച് മാത്രമാണ് ദര്‍ശനം അനുവദിക്കുന്നത്. മരക്കൂട്ടത്ത് നിന്നും മുകളിലേക്ക് ക്യൂ പാലിച്ചേ കയറാനാകു. ഇരുമുടിക്കെട്ടില്ലാത്ത മുഴുവന്‍ പേരെയും നിരീക്ഷിക്കും. സംശയാസ്പദമായ സാഹചര്യമുള്ള ഏഴുപേരെ തിരിച്ചയച്ചു.
കൃത്യമായ നിയന്ത്രണത്തോടെ മാത്രമാണ് സന്നിധാനത്തേയ്ക്ക് തീര്‍ഥാടകരെ കടത്തി വിടുന്നത്. പരമ്പരാഗത കാനനപാതകളിലും വന്‍ സുരക്ഷാക്രമീകരണങ്ങളാണ് വനംവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനധികൃതമായി വനത്തില്‍ പ്രവേശിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ നേരത്തെ വിശദമാക്കിയിട്ടുണ്ട്. അഴുതക്കടവ് ചെറിയാനവട്ടം , സത്രം സന്നിധാനം എന്നീ പരമ്പരാഗത കാനന പാതകളാണ് വനംവകുപ്പ് പെരിയാര്‍ വെസ്റ്റ് ഡിവിഷന് കീഴിലുള്ളത്. ഭക്തര്‍ക്ക് കടന്നുപോകാനായി ഇരുവഴികളും പൂര്‍ണ്ണസജ്ജമായി. കാനനപാതയില്‍ പലയിടങ്ങളിലായി സേവനകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വന്യജീവികളുടെ ആക്രമണങ്ങള്‍ തടയാനും സംവിധാനങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം അമ്പതിനായിരത്തോളം ഭക്തരാണ് പരമ്പരാഗത കാനനപാതവഴി സന്നിധാനത്തെത്തിയത്. ഇത്തവണ കൂടുതല്‍ പേരെത്തുമാണ് വനംവകുപ്പ് കണക്കുകൂട്ടുന്നത്.






