തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഇളവ്. നെയ്യഭിഷേകത്തിന്റെ സമയം നീട്ടിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പദ്മകുമാര്‍ അറിയിച്ചു. ഇനി പുലര്‍ച്ചെ മൂന്നേകാല്‍ മുതല്‍ പന്ത്രണ്ടര വരെ നെയ്യഭിഷേകം നടത്താം. പകല്‍ നിയന്ത്രണമുണ്ടാകില്ലെന്നും പോലീസിന്റെയോ സര്‍ക്കാരിന്റെയോ യാതൊരു നിയന്ത്രണങ്ങളും ഉണ്ടാകില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
പോലീസ് നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു പദ്മകുമാര്‍.
ശബരിമലയില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടാകുന്ന ഒന്നും ഉണ്ടാകില്ലെന്ന് പദ്മകുമാര്‍ വ്യക്തമാക്കി. ഭക്തര്‍ക്ക് ഒരു മിനിറ്റെങ്കിലും തൊഴാന്‍ സൗകര്യമൊരുക്കും. ശുചിമുറികളുടെ എണ്ണം കൂട്ടുമെന്നും പദ്മകുമാര്‍ അറിയിച്ചു. താമസസൗകര്യത്തെക്കുറിച്ചാണ് മറ്റൊരു പരാതി. അതിന് ദേവസ്വം ബോര്‍ഡിന്റെ കെട്ടിടങ്ങളുണ്ടെന്നും പദ്മകുമാര്‍ വ്യക്തമാക്കി. പോലീസും ദേവസ്വം ബോര്‍ഡും തമ്മിലുള്ള ഏകോപനത്തിന് സംവിധാനം ഒരുക്കും. മാധ്യമങ്ങളും ഭക്തരും ചൂണ്ടിക്കാട്ടുന്ന എന്ത് പ്രശ്നങ്ങളും പരിഹരിക്കാന്‍ തയ്യാറാണെന്നും പദ്മകുമാര്‍ അറിയിച്ചു.
ഇതുവരെ നേരിട്ടത് സ്റ്റാര്‍ട്ടിംഗ് ട്രബിളാണ്. പുലര്‍ച്ചെ മൂന്ന് മണിക്കുള്ളില്‍ എത്താനാകുന്ന വിധം ഭക്തരെ കടത്തിവിടും. വ്യവസ്ഥാപിതമായി മുറിയെടുത്ത് താമസിക്കുന്നതിനോട് യാതൊരു പ്രശ്നവുമില്ല. സമരത്തിനായി വരുന്ന രീതിയോടാണ് പോലീസ് വിയോജിപ്പ് പ്രകടിപ്പിച്ചത്. ഇനിയും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയ്യാറാണ്. ഇരുമുടിക്കെട്ടിനെക്കുറിച്ച് എല്ലാവര്ക്കും വ്യക്തത വേണം. അതില്ലാത്തത് കൊണ്ടാണ് പ്രശ്നങ്ങളുണ്ടാകുന്നത്. മറ്റ് രാഷ്ട്രീയ കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനും ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.






