
ലക്നൗ: അയോദ്ധ്യയില്‍ ശ്രീരാമന്റെ പ്രതിമ സ്ഥാപിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയ ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ ഉത്തര്‍പ്രദേശില്‍ അടുത്ത ഹിന്ദുത്വ അജണ്ഡയും അവതരിപ്പിക്കുന്നു. പ്രയാഗ്രാജ് എന്ന് പുതിയ പേരുമാറ്റിയ അലഹാബാദിലെ നിഷാദ് രാജില്‍ ശ്രീരാമന്റെ പ്രതിമ സ്ഥാപിക്കുമെന്ന് പാര്‍ട്ടി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. അടുത്തവര്‍ഷത്തോടെ ഇക്കാര്യം ചെയ്യാനാണ് നീക്കം. പിന്നാക്കക്കാരെ ലക്ഷ്യമിട്ടുള്ള നീക്കമെന്നാണ് ആക്ഷേപം.
മുക്കുവരാജാവിനെ ശ്രീരാമന് ആലിംഗനം ചെയ്യുന്ന പ്രതിമ ഗംഗാനദിയുടെ കരയിലെ ശൃംഗവേര്‍പൂര്‍ ധാമില്‍ സ്ഥാപിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് പ്രഖ്യാപിച്ചത്. ഇവിടെ വെച്ചാണ് ഗംഗ മുറിച്ചു കടക്കാന്‍ മുക്കുവ രാജാവ് നിഷാദ് രാജ് ശ്രീരാമന് സഹായം നല്‍കിയതെന്നാണ് വിശ്വാസം. സാമൂഹ്യ ഐക്യത്തിന്റെ പ്രതീകമായിട്ടാണ് ശൃംഗവേര് പുര്‍ അറിയപ്പെടുന്നതെന്നും അതാണ് ഇവിടെ ശ്രീരാമന്റെയും നിഷാദ് രാജിന്റെയും വിഗ്രഹം വെയ്ക്കാനുള്ള ആലോചനയ്ക്ക് പിന്നിലുള്ളതെന്നും എന്നാല്‍ പദ്ധതി അന്തിമരൂപം ആയിട്ടില്ലെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി കൂട്ടുകെട്ടില്‍ നിന്നും ശക്തമായ എതിര്‍പ്പ് വരുമെന്ന് പ്രതീക്ഷിക്കുന്ന ബിജെപി നിഷാദിനെ പുകഴ്ത്തുന്നതിലൂടെ ഇതുമായി ബന്ധപ്പെട്ട പിന്നാക്കക്കാരെ വലയിലാക്കാനുള്ള നീക്കമായി ഇത് വിലയിരുത്തപ്പെടുന്നുണ്ട്. പ്രത്യേകിച്ചും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. പ്രവീണ്‍ നിഷാദ് എന്നയാളായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്.






