
ശബരിമല: സുരക്ഷാചുമതലയുള്ള എസ് പി ചോദ്യം ചെയ്തതിന് പിന്നാലെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞും പോലീസ് പുലിവാലു പിടിച്ചു. ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങിയ കേന്ദ്രമന്ത്രിയുടെ വാഹനം പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ചായിരുന്നു തടഞ്ഞത്. അബദ്ധത്തില്‍ നടന്ന സംഭവത്തില്‍ പോലീസ് പിന്നീട് മാപ്പു പറഞ്ഞു.
പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞത്. പിന്നീട് പോലീസ് രേഖാമൂലം മാപ്പും എഴുതി നല്കി. ശബരിമലയിലെ പ്രതിഷേധക്കാരുടെ വാഹനമാണെന്ന് കരുതിയാണ് തടഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ ശബരിമലദര്‍ശനത്തിനായി എത്തിയ കേന്ദ്രമന്ത്രി എല്ലാം കഴിഞ്ഞ് സ്വകാര്യ പമ്പയിലേക്ക് സ്വകാര്യ വാഹനത്തില്‍ തിരിച്ചു പോകുമ്പോഴായിരുന്നു വാഹനം പോലീസ് തടഞ്ഞത്. കേന്ദ്രമന്ത്രിയാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസുകാര്‍ ഉന്നതോദ്യോഗസ്ഥരെ വിവരം അറിയിക്കുകയും അവരെത്തി മാപ്പു പറയുകയുമായിരുന്നു.
ഇന്നലെ ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ്ചന്ദ്ര പൊന്‍രാധാകൃഷ്ണനെ ചോദ്യം ചെയ്തത് വലിയ വിവാദമായതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ പോലീസ് മന്ത്രിയുടെ വാഹനം തടയുകയും ചെയ്തിരിക്കുന്നത്. ഇന്നലെ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാത്തത് ചോദ്യം ചെയ്തപ്പോള്‍ അത് ശബരിമലയില്‍ ഉണ്ടാക്കുന്ന ട്രാഫിക് ചൂണ്ടിക്കാട്ടിയായിരുന്നു യതീഷ്ചന്ദ്ര തിരിച്ചു ചോദിച്ചത്. കെഎസ്ആര്‍ടിസി ബസുകള്‍ തിരിച്ചു പോരുമെന്നും സ്വകാര്യ വാഹനങ്ങള്‍ അവിടെ കിടക്കുന്നത് മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നായിരുന്നു യതീഷ്ചന്ദ്ര ചോദിച്ചത്.
സ്വന്തം ഉത്തരവാദിത്വങ്ങള്‍ നടത്താതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്ണന് തട്ടിക്കയറിയപ്പോള്‍ മന്ത്രി ഉത്തരവിട്ടാല്‍ ഗതാഗതം അനുവദിക്കാമെന്നായിരുന്നു എസ്പിയുടെ മറുപടി. എന്നാല്‍ അതിന് തനിക്ക് അധികാരമില്ലെന്ന് പറഞ്ഞ് മന്ത്രിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പിന്നീട് കെഎസ്ആര്‍ടിസി ബസിലാണ് പമ്പയിലേക്ക് പോയത്.






