
മെല്‍ബണ്‍: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്റി20 മത്സരം മഴ മൂലം ഉപേക്ഷിച്ചു. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ 19-ാം ഓവറില്‍ എത്തിയപ്പോള്‍ മഴ മൂലം കളി ചുരുക്കുകയായിരുന്നു. 19 ഓവറില്‍ ഒസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 137 റണ്‍സായി ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് വീണ്ടും വിജയലക്ഷ്യം 11 ഓവറില്‍ 90 റണ്‍സായി പുനര്‍നിര്‍ണയിച്ചെങ്കിലും മഴ മാറാത്തതിനാല്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ മൂന്നു മത്സരങ്ങളുള്ള മത്സരം 1-0 ന് ഓസ്ട്രേലിയ മുന്നിട്ട് നില്‍ക്കുകയാണ്.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി ഖലീല്‍ അഹ്മ്മദ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംമ്ര, കുല്‍ദീപ് യാദവ്, ക്രൂണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ഭുവി ഇന്ത്യയ്ക്കായി വിക്കറ്റ് വേട്ട ആരംഭിച്ചത്. ക്രിസ് ലിന്( 13 റണ്‍സ്), ഷോര്‍ട്ട്( 14 റണ്‍സ്), സ്റ്റോയിനിസ്(നാലു റണ്‍സ്), മാക്സ്വെല്(19 റണ്‍സ്) എന്നിവരാണ് പുറത്തായത്. 32 റണ്‍സുമായി ബെന്‍ മാക്ഡെര്മോറ്റ്, 12 റണ്‍സുമായി ആന്‍ഡ്രൂ ടൈ എന്നിവര്‍ പുറത്താകാതെ നിന്നു. മൂന്നു മത്സര പരമ്പരയില്‍ ആദ്യത്തേതില്‍ മഴ നിയമത്തിന്റെ വിധിയില്‍ ഇന്ത്യ നാലു റണ്‍സിന് പരാജയപ്പെട്ടിരുന്നു.






