ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ. മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ പാക്കിസ്ഥാന് പരാജയപ്പെട്ടുവെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. വിദേശകാര്യ മന്ത്രാലത്തിന്റേതാണ് പ്രതികരണം.
26/11 ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് പാക്ക് മണ്ണില്‍ നിന്നുമാണ്. പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി തന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചതാണ്. അതുകൊണ്ട് പാക്കിസ്ഥാന് ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് ആക്രമണത്തിനിരയാവരുടെ കുടുംബത്തോടുള്ള ബാധ്യത മാത്രമല്ല. അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന്റെ ഉത്തരവാദിത്തം കൂടിയാണെന്നും ഇന്ത്യ പ്രതികരിച്ചു.
ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരപരാധികളുടെ കുടുംബത്തിനും രക്ത സാക്ഷികളായ ഉദ്യോഗസ്ഥരുടെ കുടുംബത്തിനും നീതി ലഭ്യമാക്കാന്‍ ഇന്ത്യ പോരാട്ടം തുടരുമെന്ന് വിദേശകാര്യ മന്ത്രാാലയം വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിലും 15 രാജ്യങ്ങളില്‍ നിന്നുള്ള 166 ഇരകളുടെ കുടുംബംങ്ങള് നീതിക്കായി കാത്തിരിക്കുന്നത് വേദനജനകമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
2008 നവംബര്‍ 26നാണ് മുംബൈയിലെ താജ് ഹോട്ടല്‍, സി.എസ്.ടി റെയില്‍വേ സ്റ്റേഷന് ഉള്‍പ്പെടെ ആറിടങ്ങളില്‍ ഭീകരാക്രമണം നടന്നത്. പത്ത് പാക് തീവ്രവാദികളുടെ നേതൃത്വത്തില്‍ നടന്ന ഭീകരാക്രമണം 72 മണിക്കൂര്‍ നീണ്ടുനിന്നു. പാക് ഭീകരരില്‍ ഒരാളൊഴികെ എല്ലാവരേയും ഇന്ത്യന്‍ സേന വധിച്ചു. ജീവനോടെ പിടികൂടിയ അജ്മല്‍ കസബിനെ 2012 നവംബര്‍ 21ന് പൂനെയിലെ യേര്‍വാഡ ജയിലില്‍ വച്ച് തൂക്കിക്കൊന്നു.






