
ന്യുഡല്‍ഹി: ഇന്ത്യയ്ക്കും പാകിസ്താനുമിടയിലുള്ള കര്‍താര്‍പുര്‍ ഇടനാഴിയില്‍ ആശങ്ക പ്രകടിപ്പിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇടനാഴി രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്കിയ സുബ്രഹ്മണ്യം സ്വാമി, പാകിസ്താനില്‍ നിന്നും ആളുകള്‍ ഇന്ത്യയിലേക്ക് കടക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു.
കര്‍താര്‍പുര്‍ ഇടനാഴി അപകടകരമായ തീരുമാനമാണ്. ആവശ്യമായ പരിശോധനകള്‍ ഉണ്ടായില്ലെങ്കില്‍ അത് ദുരുപയോഗിക്കപ്പെടാം. പാസ്പോര്‍ട്ട് കാണിക്കുന്നത്കൊണ്ട് മാത്രം മതിയാവില്ല. ചാന്ദ്നി ചൗക്കില്‍ 250 രൂപ കൊടുത്താല്‍ പാസ്പോര്‍ട്ട് കിട്ടും. പാകിസ്താനില്‍ നിന്നുള്ളവര്‍ ഇവിടെ വരാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും സുബ്രഹ്മണ്യം സ്വാമി പറയുന്നു.
ഇടനാഴിയുടെ നിര്‍മ്മാണ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നും ആരും തന്നെ പാകിസ്താനില്‍ പോകുമെന്ന് കരുതുന്നില്ല. പാകിസ്താന്റെ ക്ഷണം ഒരു മന്ത്രിയും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സ്വാമി പറഞ്ഞു. ഈ മാസം 28നാണ് പാകിസ്താനില്‍ ഉദ്ഘടാനം നിശ്ചയിച്ചിരിക്കുന്നത്. ചടങ്ങിലേക്ക് കേന്ദ്ര വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിനെയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെയും മന്ത്രി നവജ്യോത് സിംഗ് സിദ്ദുവിനെയും പാകിസ്താന് ക്ഷണിച്ചിരുന്നു. അമരീന്ദര്‍ സിംഗ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. സുഷ്മ സ്വരാജും ക്ഷണം നിരസിച്ചിരുന്നു.
എന്നാല്‍ തന്റെ സുഹൃത്തായ ഇമ്രാന് ഖാന് ക്ഷണിച്ച പരിഗണിയില്‍ പങ്കെടുക്കുമെന്നാാണ് നവജ്യോത് സിംഗ് അറിയിച്ചത്. ഇമ്രാന് ഖാന് സര്‍ക്കാര്‍ അധികാരമേറ്റ ചടങ്ങില്‍ പങ്കെടുക്കാനും സിദ്ദു ഇസ്ലാമാബാദില് എത്തിയിരുന്നു.






