
കോട്ടയം : പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു പണം കണ്ടെത്താനായി മദ്യത്തിന് ഏര്‍പ്പെടുത്തിയ അധിക നികുതി പിന്‍വലിക്കില്ല. എക്സൈസ് നികുതിയില്‍ അര ശതമാനം മുതല്‍ മൂന്നര ശതമാനം വരെയുള്ള വര്‍ധന 100 ദിവസത്തേക്കു മാത്രമെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം. 100 ദിവസം ഇന്നലെ പൂര്‍ത്തിയായെങ്കിലും നികുതിവര്‍ധന പിന്വലിക്കേണ്ടെന്നാണു തീരുമാനം. വില കുറയ്ക്കുന്നതു മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന നടപടിയാകുമെന്നാണു ന്യായീകരണം!
നികുതി കൂട്ടിയതോടെ വിവിധ ബ്രാന്‍ഡുകളുടെ 750 എം.എല്‍. കുപ്പിക്ക് 30 രൂപ മുതല്‍ 210 രൂപ വരെയാണു വില കൂടിയത്. അധികനികുതിയിലൂടെ 230 കോടി രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു പണം കണ്ടെത്താനായാണു നികുതി കൂട്ടിയതെന്നതിനാല്‍ കാര്യമായ എതിര്‍പ്പുണ്ടായില്ല. ലക്ഷ്യമിട്ടതിലേറെ പണം സമാഹരിക്കാന്‍ കഴിഞ്ഞെന്നാണു വിവരം. എന്നിട്ടും അധിക നികുതി പിന്‍വലിക്കാത്തതു ക്രമേണ ലാഭം കുറയുന്ന ബിവറേജസ് കോര്‍പ്പറേഷനെ പിടിച്ചുനിര്‍ത്താന്‍ വേണ്ടിയാണെന്ന ആരോപണം ശക്തമാണ്. പ്രതിവര്‍ഷം ശരാശരി 100- 130 കോടി രൂപ ലാഭമുണ്ടാക്കിയിരുന്ന ബിവറേജസ് കോര്‍പ്പറേഷനു കഴിഞ്ഞ വര്‍ഷം 35 കോടി രൂപ മാത്രമായിരുന്നു ലാഭം.
ബജറ്റ് പ്രഖ്യാപനത്തിനു ശേഷം മദ്യത്തിന്റെ എക്സൈസ് നികുതി വര്‍ധിപ്പിച്ചതു തെറ്റായ കീഴ്വഴക്കമാണെന്ന് ബിവറേജസ് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയത് അവഗണിച്ചായിരുന്നു സര്‍ക്കാരിന്റെ നടപടി.
ഷാലു മാത്യു






