
ഭില്‍വാരാ: പത്താം വാര്‍ഷികത്തിലും ഇന്ത്യയെ നോവിച്ചുകൊണ്ടിരിക്കുന്ന മുംബൈ ഭീകരാക്രമണം തെരഞ്ഞെടുപ്പ് പ്രചരണത്തിലും ബിജെപിയും കോണ്‍ഗ്രസും ആയുധമാക്കുന്നു. മുംബൈ ഭീകരാക്രമണത്തെ അന്ന് ഭരണം നടത്തിയിരുന്നതിന്റെ പേരില്‍ കോണ്‍ഗ്രസിനെതിരേ നരേന്ദ്രമോഡി ആയുധമാക്കുമ്പോള്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് പാകിസ്താനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ അറ്റാക്കിനെ ഉപയോഗിച്ചാണ് അവര്‍ തിരിച്ചടിച്ചിരിക്കുന്നത്.
മരണപ്പെട്ടവരുടെ ഓര്‍മ്മകളില്‍ സഹപ്രവര്‍ത്തരും രക്തസാക്ഷികളുടെ കുടുംബവും അതിവൈകാരികമായ അവസ്ഥയില്‍ നില്ക്കുമ്പോള് അതേ താളത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. മുംബൈ ഭീകരാക്രമണം നടക്കുമ്പോള്‍ ഇന്ത്യയിലെ 'മാഡ' ത്തിന്റെ ഭരണകാലഘട്ടമായിരുന്നെന്ന് മോഡി പറഞ്ഞു. 2008 ല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ സോണിയാഗാന്ധിയായിരുന്നു. മന്മോഹന് സിംഗായിരുന്നു പ്രധാനമന്ത്രിയെങ്കിലും ശക്തികേന്ദ്രം സോണിയ ആയിരുന്നു എന്ന അര്‍ത്ഥത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഡല്‍ഹിയില്‍ അന്ന് ഭരണം നടത്തിയിരുന്നത് മാഡം ആയിരുന്നു. ലോകം നടുങ്ങി വിറച്ചപ്പോള്‍ കോണ്‍ഗ്രസ് പക്ഷേ തെരഞ്ഞെടുപ്പ് എങ്ങിനെ ജയിക്കാമെന്ന് ആലോചിക്കുകയായിരുന്നെന്ന് മോഡി പരിഹസിച്ചു. ആക്രമണത്തെ ചെറുതായി പോലും അപലപിക്കാന്‍ ഭരണപാര്‍ട്ടി ശ്രമിച്ചില്ല. ഭീകരതയെയും നക്സലിസത്തെയും കോണ്‍ഗ്രസ് ശരിയായി നേരിട്ടില്ലെന്നും പറഞ്ഞു. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പാക് തീവ്രവാദികള്‍ മുംബൈയിലേക്ക് നുഴഞ്ഞുകയറി നടത്തിയ നരവേട്ടയേയും 60 മണിക്കൂര്‍ നീണ്ട ഭീകരതയെക്കുറിച്ചും അനുസ്മരിച്ചത്.
അതേസമയം ദേശീയതാല്‍പ്പര്യങ്ങളെ ബലികഴിച്ച് ദേശീയ സുരക്ഷയെ ഉപയോഗിച്ച് മോഡി രാഷ്ട്രീയം കളിക്കുന്നു എന്നാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ശക്തമായി തന്നെ തിരിച്ചടിച്ചു. മോഡിയുടെ രാഷ്ട്രീയമായ നടപടി ദൂഷ്യങ്ങള്‍ ശരിക്ക് പ്രതിഫലിക്കുന്നത് അതിര്‍ത്തിയിലാണെന്നും സുരക്ഷാസാഹചര്യത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ദേശീയ സുരക്ഷയെ രാഷ്ട്രീയവല്‍ക്കരിക്കുന്നതും ജവാന്മാരുടെ ജീവന് ബലി കഴിക്കുന്നതും ബിജെപിയുടെ പാരമ്പര്യമാണെന്നും പറഞ്ഞു. മോഡി സര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷമായി ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുകയാണ്. നയമോ രാഷ്ട്രീയ നടപടികളോ കൂടാതെ ആന്തരീക സുരക്ഷാ സംവിധാനം അതിര്‍ത്തിയില്‍ താറുമാറാക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഡിസംബര്‍ 7 ന് തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ ഇന്നലെ മൂന്ന് റാലികളിലാണ് മോഡി പങ്കെടുത്തത്. ഭില്‍വാര നഗരത്തിലായിരുന്നു ഏറ്റവും വിമര്‍ശനം നടത്തിയത്.
26/11 തീവ്രവാദി ആക്രമണവും അതിലെ ഇരകള്‍ക്ക് നീതി കിട്ടിയിട്ടില്ല എന്നും ഇന്ത്യ ഒരിക്കലും മറക്കില്ല. മുംബൈ ഭീകരാക്രമണത്തില്‍ തീവ്രാദികളോട് പോരാടിയ ധീരന്മാരായ സുരക്ഷാഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും മുന്നില്‍ രാജ്യം തല കുനിക്കുകയാണ്. തീവ്രവാദത്തിനെതിരേ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിക്കപ്പുറത്ത് കടന്നുചെന്ന് സര്‍ജിക്കല്‍ ആക്രമണം നടത്തിയപ്പോള്‍ രാജ്യസ്നേഹത്തെക്കുറിച്ച് നാഴികയ്ക്ക് നാല്‍പ്പതുവട്ടവും പ്രസംഗിക്കുന്ന പാര്‍ട്ടി അത് ചോദ്യം ചെയ്യുകയും അതിന്റെ വീഡിയോ തെളിവ് ആവശ്യപ്പെടുകയുമായിരുന്നു ചെയ്തത്.
പാകിസ്താനിലേക്ക് ചെന്നു ശക്തമായി നമ്മുടെ സൈനികര്‍ ശക്തമായി തിരിച്ചടിക്കുകയും തീവ്രവാദികളുടെ മൃതദേഹങ്ങള്‍ ട്രക്കുകളില്‍ കയറ്റി അയയ്ക്കുകയും ചെയ്തു. അയല്‍ക്കാരായ ശത്രുക്കളുടെ വീട്ടില്‍ ചെന്ന് ഇത്തരം വലിയ കാര്യങ്ങള്‍ സൈന്യം ചെയ്യുമ്പോള്‍ ഇന്ത്യാക്കാര്‍ അഭിമാനിക്കേണ്ടതല്ലേ. അത് രാജ്യസ്നേഹത്തിന്റെ വലിയ ഉദാഹരണമല്ലേ. അതീ ധീരതയല്ലേയെന്നും മോഡി ചോദിച്ചു. എന്നാല്‍ ഇതിനെയെല്ലാം ചോദ്യം ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. സംഭവം നടന്നോ ഇല്ലയോ എന്നറിയാന്‍ വീഡിയോ തെളിവുകള്‍ ചോദിച്ചു. ജീവന് തന്നെ ബലിയര്‍പ്പിക്കേണ്ടി വരുന്ന ഒരു കാര്യത്തിന് വീഡിയോ ക്യാമറ കൊണ്ടുപോകുമോ എന്നും മോഡി കോണ്‍ഗ്രസിനെ വിമര്‍ശിച്ചു.
കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ബോംബ് സ്ഫോടനമായിരുന്നു. ബംഗലുരു, ഹൈദരാബാദ്, അജ്മീര്‍, ഡല്‍ഹി, അയോദ്ധ്യ, ജമ്മു. എന്നാല്‍ ഭീകരതയ്ക്കെതിരേ ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ അവര്‍ക്ക് കശ്മീര്‍ വിട്ട് പുറത്തു വരാന്‍ കഴിയാത്ത അവസ്ഥയായി. നക്സലുകളോടും ഈ സര്‍ക്കാര്‍ അവരുടെ ഭാഷയില്‍ തന്നെയാണ് മറുപടി പറഞ്ഞത്. ഭീകരതയായാലും മാവോയിസമോ നക്സലിസമോ ആയാലും കുട്ടികളുടെ കയ്യില്‍ അവര്‍ തോക്കു കൊടുക്കുകയും നിരപരാധികളായവരെ കൊല്ലുകയുമാണ്. പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ നക്സലുകളെ വിപ്ളവകാരികള്‍ എന്ന് വിളിച്ച് അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു.
അതേസമയം മുംബൈ ഭീകരാക്രമണ കാലത്ത് വെറുപ്പിന്റെ രാഷ്ട്രീയം കളിച്ച ആളാണ് മോഡിയെന്നായിരുന്നു കോണ്‍ഗ്രസ് തിരിച്ചടിച്ചത്. ആക്രമണത്തിന്റെ പരിണിത ഫലങ്ങള്ക്കെതിരേ രാജ്യം ഒന്നിച്ചു പോരാടുമ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡി ആക്രമണം നടന്ന സ്ഥലത്തിന് പുറത്ത് യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തി മാറി നില്‍ക്കുകയായിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ സൈനികരുടെ രക്തസാക്ഷിത്വത്തെ അവസരവാദത്തിനും രാഷ്ട്രീയനേട്ടത്തിനും ഉപയോഗപ്പെടുത്തിയ ബിജെപി രക്തരൂക്ഷിതമായ പരസ്യമായിരുന്നു പുറത്തുവിട്ടതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.






