
പാരീസ്: കൊളിന്ദ ഗ്രാബര്‍ കിറ്ററോവിച്ച്... കായിക ലോകം ഒരിക്കലും മറക്കാത്ത പേര്. വമ്പന്‍ ടീമുകളും പേരെടുത്ത താരങ്ങളുമുള്ള കനത്ത പോരാട്ടം നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ കലാശപോരാട്ടം വരെ ക്രൊയേഷ്യ എന്ന കുഞ്ഞന്‍ രാജ്യം എത്തിയപ്പോള്‍ കളിക്കാര്‍ക്കൊപ്പം തന്നെ അവരുടെ പ്രസിഡന്റ് കൊളിന്ദ ഗ്രാബര്‍ കിറ്ററോവിച്ചും താരമായിരുന്നു.
രാജ്യത്തിന്റെ മത്സരങ്ങള്‍ക്ക് ടീം ജേഴ്സിയില്‍ കാണികള്‍ക്കിടയില്‍ ആവേശവുമായി അവരുമുണ്ടായിരുന്നു. കലാശപോരാട്ടത്തില്‍ തോറ്റ് നെഞ്ച് പൊട്ടി നിന്ന ടീം അംഗങ്ങളെ മാറോടണച്ച് ആശ്വസിപ്പിച്ച അവരെ കായിക ലോകം ഒരിക്കലും മറക്കില്ല. ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് കൊളിന്ദ ഗ്രാബര്‍ കിറ്ററോവിച്ച്.
ഡേവിസ് കപ്പ് ക്രൊയേഷ്യ സ്വന്തമാക്കിയപ്പോള്‍ കെട്ടിപ്പിടിച്ചാണ് പ്രസിഡന്റ് തന്റെ സന്തോഷം താരങ്ങളെ അറിയിച്ചത്. ഡേവിസ് കപ്പ് ഫൈനല്‍ വേദിയിലെ ചിത്രങ്ങള്‍ കൊളിന്ദ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഇങ്ങനെ ഒക്കെ ഒരു ഭരണാധികാരിക്ക് ചെയ്യാന്‍ സാധിക്കുമോയെന്നാണ് ഈ ചിത്രങ്ങള്‍ കണ്ടവരെല്ലാം ചോദിക്കുന്നത്.
ഭരണകര്‍ത്താക്കള്‍ക്ക് പകര്‍ത്താന്‍ ഏറ്റവും നല്ല ഉദാഹരണമാണ് കൊളിന്ദയെന്നും ഇന്ത്യ അടക്കം പല രാജ്യത്ത് നിന്നുള്ളവര്‍ പ്രതികരിക്കുന്നു. ആതിഥേയരായ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് ക്രൊയേഷ്യ രണ്ടാം വട്ടം ഡേവിസ് കപ്പില്‍ മുത്തമിട്ടത്. കലാശ പോരില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് പൗളവിലിനെ 7-6(3),63,63 എന്ന സ്കോറിനാണ് ക്രൊയേഷ്യയുടെ മാരിന് സിലിച്ച് പരാജയപ്പെടുത്തിയത്. ഇതോടെ 3-1 എന്ന വ്യക്തമായ ലീഡോടെ ക്രൊയേഷ്യ വിജയം സ്വന്തമാക്കുകയായിരുന്നു.





