
കൊച്ചി: ശബരിമലയില്‍ കാണിക്കയിടരുതെന്ന സംഘപരിവാര്‍ പ്രചരണത്തിനെതിരെ വി.ഡി സതീശന് എം.എല്‍.എ. കേരളത്തിലെ ക്ഷേത്രങ്ങള്‍ കുഴപ്പത്തിലായെന്ന് നിലവിളിച്ച് വര്‍ഗീയവികാരം ആളിക്കത്തിക്കാനുള്ള അജണ്ടയുടെ ഭാഗമാണിതെന്ന് വി.ഡി സതീശന് പറഞ്ഞു.
1250 ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളത്. അതില്‍ ശബരിമല ഉള്‍പ്പെടെ 30 ക്ഷേത്രങ്ങളില്‍ മാത്രമാണ് ചെലവ് കഴിച്ച് മിച്ചം വരുമാനുള്ളത്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ശബരിമലയിലാണ്. ശബരിമലയില്‍ കാണിക്ക വരുമാനം നിലച്ചാല്‍ ബാക്കിയുള്ള ആയിരത്തിലധികം ക്ഷേത്രങ്ങള്‍ കുഴപ്പത്തിലായി എന്ന് നിലവിളിച്ച് വര്‍ഗീയവികാരം ആളിക്കത്തിക്കാം ഇതാണ് സംഘരിവാര്‍ ലക്ഷ്യമെന്ന് വി.ഡി സതീശന് പറഞ്ഞു.
വി.ഡി സതീശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ശബരിമലയിൽ കാണിക്കയിടേണ്ട എന്ന നിർദ്ദേശം ബി ജെ പി നേതാക്കൾ നൽകിയത് എന്നെ അത്ഭുതപ്പെടുത്തുന്നു .തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആകെയുള്ളത് 1250 ക്ഷേത്രങ്ങളാണ്. അതിൽ ശബരിമലയുൾപ്പെടെ 30 ക്ഷേത്രങ്ങളിൽ മാത്രമാണ് ചെലവ് കഴിച്ച് മിച്ചം വരുമാനമുള്ളത്. അതിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ശബരിമലയിൽ നിന്നാണ്. ഈ വരുമാനം ഉപയോഗിച്ചാണ് ബാക്കിയുള്ള 1220 ക്ഷേത്രങ്ങളിലെ നിത്യനിദാന ചെലവും ബോർഡിലെ ഏഴായിരത്തോളം ജീവനക്കാരുടെ ശമ്പളവും നൽകുന്നത്.ശബരിമലയിൽ കാണിക്കയിടാതെ വരുമാനം നിലച്ചാൽ ബാക്കിയുള്ള ആയിരത്തിലധികം ക്ഷേത്രങ്ങൾ പ്രതിസന്ധിയിലാകും.
അപ്പോൾ ക്ഷേത്രങ്ങൾ കുഴപ്പത്തിലായി എന്ന് നിലവിളിച്ച് വർഗ്ഗീയവികാരം ആളിക്കത്തിക്കാം.
അതു കൊണ്ട് തന്നെ ശബരിമലയിൽ കാണിക്കയിടണ്ട എന്ന സംഘപരിവാർ നിർദ്ദേശം നിഗൂഢമായ മറ്റൊരു വർഗ്ഗീയ അജണ്ടയാണ്.
വിശ്വാസ സംരക്ഷണത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ഈ കള്ളക്കളി അയ്യപ്പഭക്തർ തിരിച്ചറിയുക തന്നെ ചെയ്യും.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വരുമാനം കുറയ്ക്കുക എന്നത് ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് ശോഭാ സുരേന്ദ്രന് പ്രഖ്യാപിച്ചിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ഈ പ്രചാരണം വര്‍ഷങ്ങളായി നടത്തിവരികയാണ്.






