
ന്യുഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ്ജ്യോത് സിംഗ് സിദ്ദുവിനെതിരെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഖാലിസ്താന്‍ അനുകൂല നേതാവ് ഗോപാല്‍ ചൗളയ്ക്കൊപ്പമുള്ള സിദ്ദുവിന്റെ ചിത്രം പുറത്തുവന്ന സാഹചര്യത്തില്‍ സിദ്ദുവിനെ ദേശീയ സുരക്ഷാനിയമ (എന്‍.എസ്.എ)പ്രകാരം അറസ്റ്റു ചെയ്യണമെന്ന് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു. ഇവരുടെ ഇടപാടിനെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)അന്വേഷിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കര്‍താര്‍പുര്‍ തീര്‍ഥാടക ഇടനാഴിയുടെ ശിലാസ്ഥാപനത്തിനായി സിദ്ദു പാകിസ്താന് സന്ദര്‍ശിച്ചവേളയില്‍ എടുത്തതെന്ന് അവകാശപ്പെടുന്ന ചിത്രം ഗോപാല്‍ ചൗള ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഗോപാല്‍ ചൗളയെ അറിയില്ലെന്നാണ് സിദ്ദു വ്യക്തമാക്കിയത്.
സിദ്ദുവിനെതിരെ കേന്ദ്രമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ഹര്‍സീമ്രത് കൗറും രംഗത്തെത്തിയിരുന്നു. സിദ്ദുവിനെ 'പാകിസ്താനി ഏജന്റ്' എന്നു വിളിച്ച കൗര്‍, വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു.
പാകിസ്താനില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ തന്റെ ആയിരക്കണക്കിന് ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. അതില്‍ വന്നിട്ടുള്ള ഗോപാല്‍ ചൗള ആരാണെന്ന് തനിക്കറിയില്ലെന്നാണ് പാകിസ്താനില്‍ നിന്നും മടങ്ങിയെത്തിയ സിദ്ദു വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.






