
ചൈനീസ് ഓണ്‍ലൈന്‍ മാധ്യമായ ജിയെമിയാന് നൽകിയ റിപ്പോര്‍ട്ട് പ്രകാരം ചൈനീസ് സ്മാർട്ഫോണ്‍ കമ്പനിയായ ജിയോണി കടക്കെണിയിലാണ്. കമ്പനിയുടെ ചെയര്മാന് ലിയു ലിറോങ്ങിന്റെ ചൂതാട്ടമാണ് കമ്പനിക്ക് വിനയായതെന്നാണ് സൂചന.
10 ബില്യണ്‍ യുവാന്‍ (ഏകദേശം 9759 കോടി രൂപ) ആണ് അദ്ദേഹത്തിന് ചൂതാട്ടത്തില്‍ നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ലിയു ലിറോങ് സ്ഥീരീകരണം നടത്തിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, താന്‍ ജിയോണിയുടെ പണം കൊണ്ട് ചൂതാട്ടം കളിച്ചിട്ടില്ലെന്ന് ചെയര്മാന് പറയുന്നു. കമ്പനിയുടെ ഫണ്ട് താന്‍ കടം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ സ്മാർട്ഫോണ്‍ ബ്രാന്‍ഡുകളില്‍ നല്ല രീതിയില്‍ വില്‍ക്കപ്പെടുന്ന ഫോണുകളാണ് ജിയോണിയുടേത്.
ജിയോണി എഫ് 205, ജിയോണി എസ് 11 ലൈറ്റ് എന്നീ ഹാന്‍ഡ്സെറ്റുകള്‍ അവതരിപ്പിച്ച് ഏപ്രില്‍ മാസത്തിലാണ് ജിയോണി ഇന്ത്യയില്‍ തിരിച്ചുവരവ് നടത്തിയത്. ഇന്ത്യയില്‍ 650 കോടി രൂപ നിക്ഷേപം നടത്തുമെന്ന് കമ്പനി അറിയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിക്ഷേപം നടത്തിയതിനേക്കാള്‍ 30 ശതമാനം കൂടുതല്‍ നിക്ഷേപം നടത്തുമെന്നാണ് കമ്പനി അറിയിച്ചത്. 8,000 മുതല്‍ 20,000 രൂപ വരെ വിലയുളള സ്മാർട്ഫോണുകളില്‍ 20 ശതമാനം വിൽപന തങ്ങളുടെ ഫോണിനാണെന്ന് ഉറപ്പിക്കുമെന്ന് ജിയോണി വ്യക്തമാക്കി.






