
പട്ടാമ്പി: മാതാപിതാക്കള്‍ അമിതമായി സ്നേഹിക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് അനുജന്മാര്ക്ക് കുത്തേറ്റ സംഭവത്തില്‍ ജേഷ്ഠന് ലഹരിക്കടിമയാണോ എന്ന് അന്വേഷണം. കഴിഞ്ഞ ദിവസം പട്ടാമ്പിയില്‍ കറിക്കത്തിക്ക് കുത്തേറ്റ് മുഹമ്മദ് ഇബ്രാഹീം എന്ന ഒമ്പതുവയസ്സുകാരന് മരിക്കുകയും അഹമ്മദ് ഇബ്രാഹീം എന്ന ഏഴു വയസ്സുകാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് മൂത്തജേഷ്ഠന്‍ നബീല്‍ ഇബ്രാഹീമിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച അര്‍ദ്ധരാത്രിയില്‍ നടത്തിയ അരുംകൊല കഞ്ചാവിന്റെ ലഹരിയിലാണോ നബീല്‍ നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ നബീലിന്റെ മനോനില പോലീസ് പരിശോധിക്കുകയാണ്. കൊലപാതകവിവരം പുറത്തു വന്നതിന് പിന്നാലെ ഇയാള്‍ കഞ്ചാവ് ഉപയോഗിക്കുന്നു എന്ന തരത്തില്‍ പ്രചരണം ശ്രദ്ധയില്‍ പെട്ടതോടെയാണ് പോലീസ് ഇക്കാര്യവും പരിശോധിക്കുന്നത്. ഇതിനായി നബീല്‍ പഠിച്ചിരുന്ന കോയമ്പത്തൂരിലെ കോളേജിലും അന്വേഷണം നടത്തി.
കോയമ്പത്തൂരില്‍ മൈക്രോ ബയോളജി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണ് നബീല്‍. കൂട്ടുകാരെയും അദ്ധ്യാപകരെയും കണ്ട് വിവരം ശേഖരിക്കും. മാതാപിതാക്കള്‍ ഇളയമക്കളോട് കൂടുതല്‍ സ്നേഹം കാണിക്കുന്നെന്ന തോന്നല്‍ നബീലിനെ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. മരിച്ച മുഹമ്മദ് ഇബ്രാഹീം തിരുവേഗപ്പുറ നരിപ്പറമ്പ് ഗവ. യുപി സ്കൂള്‍ നാലാം ക്ളാസ്സ് വിദ്യാര്‍ത്ഥിയും അഹമ്മദ് നെടുങ്ങോട്ടൂര്‍ എഎല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥിയുമാണ്. ഇതേ സ്കൂളിലെ അദ്ധ്യാപികയാണ് മാതാവ് സാഹിറ.
മരിച്ച മുഹമ്മദ് ഇബ്രാഹീമിന്റെ നെഞ്ചിലും കഴുത്തിലും ആഴത്തിലുള്ള അഞ്ച് മുറിവുകള്‍ ഉണ്ടായിരുന്നു. ഹൃദയത്തിന് ആഴത്തില്‍ മുറിവുണ്ടാക്കിയ കുത്താണ് മരണകാരണമായത്. കുത്തേറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ മുഹമ്മദ് മരിക്കുകയും ചെയ്തു. അഹമ്മദിനും നെഞ്ചില്തന്നെയാണ് കുത്തേറ്റതെങ്കിലും അപകടനില തരണം ചെയ്തു. ശനിയാഴ്ച രാത്രിയില്‍ സഹോദരങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഇവരെ തന്റെ മുറിയില്‍ എത്തിച്ചായിരുന്നു നബീല്‍ ആക്രമിച്ചത്. വീട്ടില്‍ നിന്നും വലിയ ശബ്ദം കേട്ട അയല്‍വാസികള്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടികളെ കാണുകയായിരുന്നു. തുടര്‍ന്ന് അവര്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നബീലിനെ പിടികൂടി വളാഞ്ചേരി പോലീസിന് കൈമാറിയതും നാട്ടുകാര്‍ തന്നെയായിരുന്നു.






