
ഭരതനാട്യത്തിനും കേരളനടനത്തിനും മൂന്നുവര്‍ഷമായി സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്ന അമ്പാടി ആദ്യമായാണ് 'കുച്ചിപ്പുടിക്ക്’ മേയ്ക്കപ്പിട്ടത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരത്തില്‍ അപ്പീല്‍ നല്‍കിയാണ് പത്തനംതിട്ട സെന്റ് മേരീസ് വിഎച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആദിത്യ പ്രസാദ് പിള്ള എത്തിയത്. പ്രാരബ്ധങ്ങളും സങ്കടക്കടലുമൊഴുകുന്ന 'നികുഞ്ജ'മെന്ന വീട്ടില്‍ അമ്മ നിര്‍മ്മലയ്ക്ക് കുച്ചിപ്പുടിയില്‍ എ ഗ്രേഡ് നേടുമെന്ന് വാക്ക് നല്‍കിയാണ് എത്തിയത്. പക്ഷെ വിധി ഒരിക്കല്‍ക്കൂടി ഈ അമ്മയ്ക്കും മകനും എതിരായി. കുച്ചിപ്പുടി വേദിയില്‍ മത്സരത്തിനിടെ ഡ്രസ്സിലുടക്കി അമ്പാടിക്ക് അടിതെറ്റി. സി ഗ്രേഡ് കിട്ടിയതിനെ തുടര്‍ന്ന് അപ്പീലിനുവേണ്ടി നല്കിയ 7000 രൂപയാണ് നഷ്ടമായത്. ദൈവത്തിന്റെ വിധി അതായിരുന്നു എന്ന് പറഞ്ഞ് അമ്മ സ്വയം ആശ്വസിക്കുമ്പോഴും സങ്കടക്കടല്‍ ആ മുഖത്ത് തളംകെട്ടി നിന്നിരുന്നു. എന്നാല്‍ ഭരതനാട്യത്തിനും കേരള നടനത്തിനും നാലാം വര്‍ഷവും എ ഗ്രേഡ് ആദിത്യ കൈവിട്ടില്ല.
പത്തനംതിട്ട എഴുമാറ്റൂരില്‍ നിന്ന് എത്തിയ ആദിത്യയ്ക്ക് രണ്ടാം വയസ്സിലാണ് അച്ഛനെ നഷ്ടമാകുന്നത്. തുടര്‍ന്ന് ആദിത്യ എന്ന ഒറ്റമകനേയും കൊണ്ട് അമ്മ നിര്‍മ്മല തള്ളിനീക്കുന്ന ജീവിതം കലോത്സവവേദിയില്‍ ഓരോ തവണയും അമ്പാടി തിളക്കമുള്ളതാക്കും. മൂന്നര വയസ്സിലാണ് ആദിത്യ പ്രസാദിനെ ഡാന്‍സ് പഠിപ്പിക്കാനായി അടുത്തുള്ള രാജ നെടുംങ്കുന്നം മാഷിന്റെ കീഴില്‍ ചേര്‍ത്തത്. തുടര്‍ന്ന് ഏഴാം ക്ലാസില്‍ എത്തിയപ്പോഴാണ് ഇപ്പോഴും പഠനം തുടരുന്ന കുമാര്‍ വി. എന്ന മാഷിന്റെ കീഴില്‍ ചേരുന്നത്. അഞ്ചു വര്‍ഷമായി കുമാര്‍ മാഷിന്റെ കീഴിലാണ് ആദിത്യ നാഥ് ചുവടുകള്‍ തെറ്റാതെ ഉറപ്പിക്കുന്നതും കലോത്സവവേദിയില്‍ തിളങ്ങി അമ്മയുടെ മുഖത്ത് സന്തോഷം ചാലിക്കുന്നതും. വീട്ടിലെത്തിയാണ് മാഷ് പഠിപ്പിക്കുന്നത്. വീട്ടിലെ സൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അടുത്ത കൂട്ടുകാരി ഗ്രീഷ്മ രമേശിന്റെ വീട്ടിലാണ് അമ്പാടിയുടെ ഡാന്‍സ് പഠനം. കലോത്സവത്തില്‍ പങ്കെടുക്കാന്‍ മേയ്ക്കപ്പിനും മറ്റുമായി ഏകദേശം ഒരു ലക്ഷം രൂപയോളം ചിലവാണ് വരുന്നത്. ഇത് ആദിത്യ പ്രസാദ് പഠിക്കുന്ന സ്കൂളും സ്റ്റാഫുകളും പൂര്‍വവിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് നല്‍കിയതെന്ന് അമ്മ ആശ്വാസം തുളുമ്പുന്ന മുഖഭാവത്തോടെ പറഞ്ഞു നിര്‍ത്തി. ഇതിനൊപ്പം പടയണിയും കോലംതുള്ളലിനും ആദിത്യ പ്രസാദ് എന്ന അമ്പാടി സമയം കണ്ടെത്തുന്നുണ്ട്. ആ അമ്മ മുഖത്ത് സന്തോഷം വിരിയിക്കാന്‍ ഈ അമ്പാടിക്കണ്ണനാകട്ടെ എന്ന് പറഞ്ഞ് ഞങ്ങളിറങ്ങുമ്പോള്‍ 'ജീവിത'ച്ചുവട് ഉറപ്പിക്കുകയായിരുന്നു അമ്പാടി..!