ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജിയിലേക്ക് നയിച്ച സാഹചര്യം എല്ലാ ഇന്ത്യക്കാരെയും ആശങ്കപ്പെടുത്തേണ്ടതെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. പട്ടേലിന്റെ രാജി പ്രതിഷേധ സൂചകമായാണെന്നും രഘുറാം രാജന് പറഞ്ഞു.
ചില സാഹചര്യങ്ങളെ നേരിടാന്‍ കഴിയാതെ വരുമ്പോഴാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പ്രതിഷേധ സുചകമായി രാജിവയ്ക്കുന്നതെന്ന് രഘുറാം രാജന് പറഞ്ഞു. സര്‍ക്കാര്‍ ആര്.ബി.ഐയുടെ കാര്യത്തില്‍ ഇടപെടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഉര്‍ജിത് പട്ടേലിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത് എന്താണെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്നും രഘുറാം രാജന് പറഞ്ഞു.
2019 സെപ്റ്റംബര്‍ വരെ കാലാവധി ശേഷിക്കെയാണ് ഉര്‍ജിത് പട്ടേല്‍ സ്ഥാനം രാജിവച്ചൊഴിഞ്ഞത്. 90കള്‍ക്ക് ശേഷം കാലാവധിക്ക് മുമ്പ് രാജിവയ്ക്കുന്ന ആദ്യ റിസര്‍വ് ബാങ്ക് ഗവര്‍ണറാണ് ഉര്‍ജിത് പട്ടേല്‍. നോട്ട് നിരോധനവും ജി.എസ്.ടിയും ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ പാളിപ്പോയ സാമ്പത്തിക പരിഷ്കരണ നടപടികളുടെ പേരില്‍ ഉര്‍ജിത് പട്ടേലും കേന്ദ്രവും തമ്മില്‍ കടുത്ത ഭിന്നതയിലായിരുന്നു. ഏറ്റവുമൊടുവില്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത് ഭിന്നത രൂക്ഷമാക്കി.






