ന്യൂഡല്‍ഹി: ഉര്‍ജിത് പട്ടേല്‍ രാജിവച്ച ഒഴിവില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചു. നിലവില്‍ ധനകാര്യ കമ്മീഷന് അംഗമാണ് ശക്തികാന്ത ദാസ്.
1980 ബാച്ചിലെ തമിഴ്നാട് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ്. കേന്ദ്രസര്‍ക്കാരില്‍ ധനകാര്യ സെക്രട്ടറിയായും റവന്യൂ സെക്രട്ടറിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തെ ശക്തമായി പിന്തുണച്ച കേന്ദ്രസര്‍ക്കാരിന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ്. വിശ്വസ്ത ഉദ്യോഗസ്ഥന്റെ നിയമനത്തിലൂടെ റിസര്‍വ് ബാങ്കിലെ ഇടപെടല്‍ കുടുതല്‍ ശക്തമാക്കുമെന്ന സൂചനയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.
ഇന്നലെയാണ് ഉര്‍ജിത് പട്ടേല്‍ രാജിവച്ചത്. അടുത്ത വര്‍ഷം സെപ്റ്റംബര്‍ വരെ കാലാവധി ബാക്കി നില്‍ക്കെയാണ് പട്ടേല്‍ രാജിവച്ചൊഴിഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഉര്‍ജിത് പട്ടേല്‍ വിശദീകരിച്ചതെങ്കിലും കേന്ദ്രസര്‍ക്കാരുമായി ഏറെ നാളായി തുടരുന്ന ഭിന്നതയാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്.
ഉര്‍ജിത് പട്ടേല്‍ ആര്.ബി.ഐയുടെ കഴിഞ്ഞ ബോര്‍ഡ് യോഗത്തില്‍ തന്നെ രാജി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിയുന്നത് വരെ തീരുമാനം വൈകിപ്പിക്കുകയായിരുന്നു.






