
ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ നരേന്ദ്രമോഡി സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനങ്ങളില്‍ ഒന്നായിരുന്ന നോട്ടു നിരോധനം ബിജെപിയെ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും വേട്ടയാടുന്നു.
ഇത് വിഷയമാക്കി മാറ്റാനുള്ള തീരുമാനം മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രതിപക്ഷങ്ങള്‍ ഉപേക്ഷിച്ചെങ്കിലും രാജസ്ഥാന് പോലെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയ്ക്ക് വലിയ തിരിച്ചടി നല്കിയ വിഷയങ്ങളില്‍ ഒന്ന് നോട്ടു നിരോധനം ആണെന്നാണ് വിലയിരുത്തല്‍.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് കാര്യമായി ഉപയോഗപ്പെടുത്തിയില്ലെങ്കിലും ജനങ്ങള്‍ സ്വമേധയാ ബിജെപിയ്ക്ക് ശക്തമായ മറുപടി നലകുകയായിരുന്നു. രാജ്യത്ത് 86 ശതമാനം പ്രചരിച്ചിരുന്ന 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ നിരോധിക്കാനുള്ള അപ്രതീക്ഷിത തീരുമാനത്തെ ഏറ്റവും പിന്തുണച്ചത് മദ്ധ്യവര്‍ത്തി സമൂഹവും തെരുവിലെ മനുഷ്യരുമാണ്. എന്നാല്‍ തീരുമാനം അതിന്റെ ലക്ഷ്യം കൈവരിച്ചെന്ന് അവര്‍ക്ക് ഒരുറപ്പുമില്ല.
നികുതി പരിഷ്ക്കരണവും കള്ളപ്പണം കുറയ്ക്കാന്‍ കൊണ്ടുവന്ന ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിച്ചതും കള്ളനോട്ട് വ്യാപനം തടയാന്‍ കൊണ്ടുവന്ന നടപടികളും ഗുണം ചെയ്തോ എന്നതും പ്രചരണവിഷയമായില്ല. നോട്ടു നിരോധനം വിഷയമാക്കിയുള്ള സര്‍ക്കാര്‍ വിമര്‍ശനം പ്രതിപക്ഷം പോലും മാസങ്ങള്‍ക്കു മുമ്പ് നിര്ത്തിയിടത്താണ് രാജസ്ഥാന് പോലുള്ള സംസ്ഥാനങ്ങളിലെ ജനത സ്വയം ഏറ്റെടുത്ത് അത് വിഷയമാക്കിയത്.
2016 ന് മുമ്പത്തെ അവസ്ഥയില്‍ നിന്നും ആദായനികുതി അടയ്ക്കല്‍ കൂടിയെന്നും കൂടുതല്‍ നികുതിദായകര്‍ വലയില്‍ പെട്ടെന്നും 99 ശതമാനം നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നുമാണ് സര്‍ക്കാരിന്റെ അവകാശവാദം.
എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക കാര്യം മുന്‍ നിര്‍ത്തിയുള്ള വിമര്‍ശനം പ്രതിപക്ഷം പോലും മാസങ്ങള്‍ക്ക മുമ്പ് നിര്‍ത്തിയപ്പോള്‍ തെരഞ്ഞെടുപ്പില്‍ അത് ശക്തമായ ജനവികാരമായി മാറുകയായിരുന്നു എന്നാണ് സാമ്പത്തീക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ബിജെപി യ്ക്ക് എതിരേ ഉയര്‍ത്താവുന്ന ഏറ്റവുംവലിയ വിഷയമായിട്ടു പോലും തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഇത് ഉയര്‍ത്തിയിരുന്നില്ല. നോട്ടു നിരോധനത്തിന്റെ ഗുണം മോഡിയുടെ കൂട്ടുകാര്‍ക്കും ബിസിനസ് സമൂഹത്തിനും മാത്രമാണ് കിട്ടിയതെന്ന് എപ്പോഴും വിമര്‍ശിച്ചിരുന്ന രാഹുല്‍ഗാന്ധി പോലും വിമര്‍ശനം ഉന്നയിച്ചില്ല.






