
വിവാഹനിശ്ചയവും കല്ല്യാണക്കുറിയും മുതല്‍ ഇങ്ങോട്ട് നാലഞ്ചുനാള്‍ നീണ്ടു നിന്ന ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹ മാമാങ്കത്തിന് കൊടിയിറങ്ങി. വിവാഹ വിശേഷങ്ങള്‍ ഓരോന്നായി പുറത്തു വരുന്നതേയുള്ളൂ. ലോകത്തിലെ തന്നെ ഏവും വിലയേറിയ സ്വകാര്യ വസതിയായ 27 നിലകളുള്ള 'ആന്റിലിയ'യില്‍ വളര്‍ന്ന മുകേഷ് അംബാനിയുടെ മകള്‍ ഇഷ ഇനി പോകുന്നത് കൂറ്റന്‍ ബംഗ്ലാവ് 'ഗുലിറ്റ'യിലേയ്ക്ക്. ഇഷയുടെ ഭര്‍ത്താവ് ആനന്ദ് പിരമലിനായി അദ്ദേഹത്തിന്റെ കുടുംബം 2012 ല്‍ 452 കോടി മുടക്കി വാങ്ങിയതാണ് 'ഗുലിറ്റ'. വിവാഹത്തോട് അനുബന്ധിച്ച് വീണ്ടും കോടികള്‍ പൊടിച്ച് 'ഗുലിറ്റയെ' മനോഹരിയാക്കി
50,000 ചതുരശ്ര അടി വലിപ്പത്തില്‍ അഞ്ചു നിലകളിലാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബംഗ്ലാവ് ഒരുക്കിയിട്ടുള്ളത്. 'ആന്റിലിയ'യില്‍ നിന്നും നാലര കിലോമീറ്റര്‍ അകലെ വര്‍ളി സീഫെയ്സ് മേഖലയില്‍ കടലിന് അഭിമുഖമായാണ് 'ഗുലിറ്റ'. ചില്ലുജാലകങ്ങള്‍ തുറന്നാല്‍ കടല്‍ക്കാറ്റ്. അകലെ ബാന്ദ്ര-വര്‍ളി കടല്‍പ്പാലം കാണാം. ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ കമ്പനിയില്‍ നിന്നാണ് പിരമല്‍ കുടുംബം ഈ കെട്ടിടം വാങ്ങിയത്.
ആദ്യത്തെ മൂന്നു നിലകളിലായി അടുക്കള, ഭക്ഷണമുറി, ഓഫീസ്മുറി, പഠനമുറി, വീട്ടുജോലിക്കാരുടെ മുറികള്‍ എന്നിവയാണ്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒത്തുചേരാനുള്ള ഹാളാണ് നാലാം നില. അഞ്ചാം നിലയിലാണ് കിടപ്പു മുറികള്‍. 20 കാറുകള്‍ വീട്ടുപരിസരത്ത് പാര്‍ക്ക് ചെയ്യാം.