
തിരുവനന്തപുരം: മല ചവിട്ടാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ ഭിന്നലിംഗക്കാരുടെ സംഘം ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ നാലുമണിക്ക് ഇവര്‍ ശബരിമലയിലേക്ക് യാത്ര തിരിച്ചു. നിലയ്ക്കല്‍ മുതല്‍ പമ്പ വരെ ഇവര്‍ക്ക് സുരക്ഷ നല്‍കുമെന്നും ആവശ്യമുണ്ടായാല്‍ സന്നിധാനത്തേക്കും ഇവര്‍ക്ക് സംരക്ഷണ നല്‍കുമെന്നും പോലീസ് അറിയിച്ചു. അനന്യ, തൃപ്തി, രഞ്ജു, അവന്തിക എന്നിങ്ങനെ നാലുപേര്‍ക്കാണ് മല ചവിട്ടാന്‍ അനുമതി നല്‍കിയിട്ടുള്ളത്.
രാവിലെ 7.30 യോടെ ഇവര്‍ നിലയ്ക്കലില്‍ എത്തുമെന്നാണ് കരുതുന്നത്. എസ്പി ജോണ്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സുരക്ഷ നല്‍കുന്നത്. ഇന്നലെ ഇവരെ എരുമേലി പോലീസ് തടഞ്ഞിരുന്നു. എറണാകുളത്തു നിന്നാണ് ഇവര്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത്. എന്നാല്‍ സ്ത്രീവേഷം മാറ്റി പുരുഷ വേഷം ധരിച്ചാല്‍ ശബരിമല ദര്‍ശനം അനുവദിക്കാമെന്നായിരുന്നു പോലീസിന്റെ നിലപാട്. പിന്നീട് ദര്‍ശനത്തിനായി പുരുഷ വേഷം ധരിക്കാമെന്ന് സമ്മതിച്ചിട്ടും പോലീസ് വഴങ്ങിയില്ല. അതേസമയം സ്ത്രീ വേഷത്തില്‍ പോയാല്‍ പ്രശ്നമുണ്ടാകുമെന്ന് പറഞ്ഞ് കാര്യങ്ങള്‍ മനസിലാക്കി ഇവരെ തിരിച്ചയയ്ക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
സ്പെഷല്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചാണ് ഇവര്‍ ശബരിമലയ്ക്ക് പുറപ്പെട്ടത്. ശനിയാഴ്ച എറണാകുളത്ത് വച്ച് കെട്ടുനിറയ്ക്കുമ്പോഴും സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. വിശ്വാസം അനുസരിച്ച് അയ്യപ്പന്റെ അമ്മ ട്രാന്‍സ്ജന്‍ഡറായ മോഹിനിയാണെന്നും അതിനാല്‍ ശബരിമലയില്‍ പോകാന്‍ തങ്ങള്‍ക്ക് എല്ലാ യോഗ്യതയുമുണ്ടെന്നുമാണ് ട്രാന്സ്ജന്ഡറുകള് പറഞ്ഞത്.
ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് ശബരിമല ദര്‍ശനം നടത്താന്‍ യാതൊരു തടസ്സവുമില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവിരും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മയും അറിയിച്ചിരുന്നു. എരുമേലി ഡിവൈഎസ്പി മധുസൂദനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്യലിന്റെ പേരില്‍ ഇവരെ അപമാനിച്ചെന്നും പരാതിയുണ്ട്. നിങ്ങള്‍ ആളുങ്ങളല്ലേ, പെണ്ണുങ്ങളല്ലല്ലോയെന്നാണ് ഡിവൈഎസ്പി ചോദിച്ചത്.
തങ്ങള്‍ ആണുങ്ങളുമല്ല, പെണ്ണുങ്ങളുമല്ല എന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ വേഷത്തില്‍ വന്നാല്‍ മതിയെന്നായിരുന്നു മറുപടി. പുരുഷന്മാരെ പോലെ ഷര്‍ട്ടും പാന്റ്സും അല്ലെങ്കില്‍ ഷര്‍ട്ടും മുണ്ടും ധരിച്ച് വരാനായിരുന്നു നിര്‍ദ്ദേശം. അതിനിടയില്‍ ശബരിമലയില്‍ നിരോധനാജ്ഞ ഇന്ന് രാത്രിയോടെ അവസാനിക്കും. അതേസമയം നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടയില്‍ ശബരിമല പതിയെ ഭക്തജന തിരക്കിലേക്ക് അമര്‍ന്നു തുടങ്ങി ഈ മണ്ഡലകാലത്തെ ഏറ്റവും വലിയ തിരക്കാണ് കഴിഞ്ഞദിവസം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം തൊഴാനെത്തിയത് തൊണ്ണൂറായിരം പേരായിരുന്നു. മകരവിളക്ക് അടുക്കുന്നതോടെ ജനത്തിരക്ക് ഇനിയും കൂടുമെന്നാണ് കരുതുന്നത്.
സാധാരണയെ അപേക്ഷിച്ച് ശബരിമലയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഭക്തരുടെ എണ്ണത്തില്‍ കുറവ് വന്നത് ദേവസ്വംബോര്‍ഡിന് വലിയ തിരിച്ചടിയായിരുന്നു. ഭക്തജനങ്ങള്‍ എത്താത്തത് വരുമാനത്തെയും കാര്യമായി ബാധിച്ചിരിക്കുകയാണ്.






