
കരാറില്‍ ഒന്നരവര്‍ഷം കൂടി ബാക്കി നില്‍ക്കേ നിലവിലെ പരിശീലകന് ഡേവിഡ് ജെയിംസിനെ പുറത്താക്കി കേരളാ ബ്ളാസ്റ്റേഴ്സ് പാരമ്പര്യം ഇത്തവണയും കാത്തു. ഐഎസ്എല്ലില്‍ പ്ളേ ഓഫ് സാധ്യത അവസാനിച്ചതോടെയാണ് ബ്ളാസ്റ്റേഴ്സ് പരിശീലകനെ പുറത്താക്കിയത്. ഇടവേള കഴിഞ്ഞുള്ള മടക്കത്തില്‍ പുതിയ പരിശീലകന് കീഴിലായിരിക്കും ബ്ളാസ്റ്റേഴ്സ് കളിക്കാനിറങ്ങുക.
ഇതുവരെ 11 കളികളില്‍ അഞ്ച് സമനിലയും അഞ്ചു തോല്‍വിയാണ് ഐഎസ്എല്ലില്‍ ബ്ളാസ്റ്റേഴ്സിന്റെ സമ്പാദ്യം. ആദ്യമത്സരത്തില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തി നല്ല തുടക്കം കിട്ടിയ ശേഷമായിരുന്നു ഈ വീഴ്ച. കഴിഞ്ഞ എവേ മാച്ചില്‍ ടീം മുംബൈ സിറ്റിയോട് 6-1 ന് തോല്‍വി വഴങ്ങുക കൂടി ചെയ്തതോടെയാണ് ഡേവിഡ് ജെയിംസിനെ മാറ്റാന്‍ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ടീമിനെ പരിശീലിപ്പിക്കാന്‍ എത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അസിസ്റ്റന്റ് കോച്ച് റെനെ മ്യൂലന്സ്റ്റണും നിരന്തര സമനിലയെ തുടര്‍ന്ന് ടീം വിട്ടിരുന്നു. ഇതോടെയാണ് ഡേവിഡ് ജെയിംസിനെ ചുമതല ഏല്‍പ്പിച്ചത്. ആദ്യ സീസണില്‍ ഡേവിഡ് ജെയിംസിന് കീഴില്‍ റണ്ണറപ്പായ ബ്ളാസ്റ്റേഴ്സ് രണ്ടാം സീസണില്‍ ഇംഗ്ളണ്ടിന്റെ അണ്ടര്‍ 20 ടീമിന്റെ പരിശീകനായ പീറ്റര്‍ ടെയ്ലറായിരുന്നു. തുടര്‍ച്ചയായ തോല്‍വി മൂലം അദ്ദേഹവും ടീം വിട്ടിരുന്നു.
മൂന്നാമത്തെ സീസണില്‍ സ്റ്റീവ് കോപ്പലിന് കീഴില്‍ ടീം വീണ്ടും ഫൈനല്‍ കളിച്ച ശേഷമായിരുന്നു കഴിഞ്ഞ സീസണില്‍ പരാജയം കണ്ടത്. ഇടവേളയ്ക്ക് പിരിയുന്ന ഐഎസ് എല്ലില്‍ പ്ളേ ഓഫ് സാധ്യത പൂര്‍ണ്ണമായും ഇല്ലാതായതോടെ ടീമിന് പുതിയ പരിശീലകനാകും ഇനിയെത്തുക.






