ഇന്ത്യക്ക് ഒരിക്കല്‍ കൂടു ഓസ്കാര്‍ പ്രതീക്ഷ മങ്ങുന്നു. ഇത്തവണത്തെ അക്കാദമി പുരസ്കാരങ്ങളില് ആകെ പ്രതീക്ഷയായിരുന്ന 'വില്ലേജ് റോക്ക്സ്റ്റാര്‍സ്' വിദേശഭാഷാ സിനിമാ കാറ്റഗറിയുടെ ഷോട്ട് ലിസ്റ്റില്‍ നിന്നും പുറത്തായതോടെയാണ് പ്രതീക്ഷകള്‍ മങ്ങുന്നത്. ദ അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്സ് ആന്റ് സയന്‍സ് ഇന്നലെ പുറത്തുവിട്ട വിദേശ ഭാഷ സിനിമാ കാറ്റഗറി ലിസ്റ്റിലാണ് നമ്മുടെ ഇന്ത്യന്‍ ചിത്രം തള്ളിയത്.
ലിസ്റ്റില്‍ കൊളംബിയന്‍ ചിത്രം ബേര്‍ഡ്സ് ഓഫ് പാസേജ് ഡെന്മാര്ക്ക് ചിത്രം ദ ഗില്‍റ്റി, ജര്‍മ്മന്‍ ചിത്രം നെവര്‍ ലുക്ക് എവേ, ജപ്പാന് ചിത്രം ഷോപ്പ്ലിഫ്റ്റേഴ്സ്, കസാക്കിസ്താന്‍ ചിത്രം അയ്ക,ലെബനനില്‍ നിന്നുള്ള കാപ്പര്‍നോം, മെക്സിക്കന്‍ ചിത്രം റോമ, പോളണ്ടില്‍ നിന്നുള്ള കോള്‍ഡ് വാര് കൊറിയന്‍ ചിത്രമായ ബേണിങ് എന്നിങ്ങനെ ഒമ്പത് ചിത്രങ്ങളാണ് ഉള്ളത്. വിദേശഭാഷാ സിനിമാ കാറ്റഗറിയിലേക്ക് പല രാജ്യങ്ങളില്‍ നിന്നായി 87 ചിത്രങ്ങളായിരുന്നു സമര്‍പ്പിക്കപ്പെട്ടിരുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളില്‍ നിന്നും മൂന്നു ചിത്രങ്ങളാണ് ഓസ്കറിന്റെ ഫൈനല്‍ നോമിനേഷനിലേക്ക് എത്തുക. അതില്‍ നിന്നും ഒരു ചിത്രമാണ് ഓസ്കാര്‍ പുരസ്കാരം നേടുക. ഓസ്കര് പുരസ്കാരങ്ങളുടെ 91-ാം പതിപ്പ് 2019 ഫെബ്രുവരി 27 ന് നടക്കും.
ഇത്തവണത്തെ ദേശീയ പുരസ്കാരം നേടിയാണ് 'വില്ലേജ് റോക്ക്സ്റ്റാര്‍സ്' ഓസ്കാര്‍ യാത്ര ആരംഭിച്ചത്. 2018 ലെ ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ചിത്രം, മികച്ച ബാലതാരം, മികച്ച ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്, മികച്ച എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിലായി നാലു അവാര്‍ഡുകള്‍ ചിത്രം കരസ്ഥമാക്കിയിരുന്നു. ഇതോടെയാണ് ചിത്രം ശ്രദ്ധേയമായത്.






