സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത വീരവനിത ഝാന്‍സി റാണിയുടെ ജീവിതം പറയുന്ന മണികര്‍ണികയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നിരവധി വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ബോളിവുഡ് താരം കങ്കണ റണൗട്ട് ആണ് ചിത്രത്തില്‍ ഝാന്‍സിയിലെ റാണിയായി എത്തുന്നത്. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കൃഷ് സംവിധാനം ചെയ്ത് തുടങ്ങിയ ചിത്രത്തില്‍ നിന്നും പിന്നീട് അദ്ദേഹം തന്നെ ഒഴിയുകയായിരുന്നു. പിന്നീട് കങ്കണ തന്നെ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ അതില്‍ കൃഷിന്റെ പേരില്ലായിരുന്നതും വിവാദമായിരുന്നു. പിന്നീട് നിര്‍മ്മാതാക്കളുടെ ആവശ്യപ്രകാരം ട്രെയിലറില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന.
സൂപ്പര്‍ സംവിധായകന് എസ്.എസ്. രാജമൗലിയുടെ പിതാവ് കെ. വി. വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമരക്കാലത്തെ പ്രധാനിയായ താന്തിയാ തോപ്പിയായി അതുല്‍ കുല്‍ക്കര്‍ണിയും ജല്‍കരാബിയായി അങ്കിത ലോഹന്‍ഡേയും എത്തുന്നു.
ചിത്രത്തില്‍ റാണി ലക്ഷ്മി ഭായുടെ കഥ പറയുന്ന ചിത്രത്തില്‍ റാണിയും ബ്രിട്ടീഷ് ഭരണാധികാരിയും തമ്മിലുള്ള പ്രണയരംഗമുണ്ടെന്ന പ്രചരണത്തെത്തുടര്‍ന്ന് ബ്രാഹ്മണസഭ ചിത്രീകരണം തടസപ്പെടുത്തിയിരുന്നു. പിന്നീട് അത്തരം സീന്‍ ചിത്രത്തിലില്ലെന്ന് ഉറപ്പ് പറഞ്ഞശേഷമാണ് പ്രതിഷേധങ്ങള്‍ ഒതുങ്ങിയത്.






