
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തെ മന്ത്രി എംഎം മണി അതിരൂക്ഷമായി അവഹേളിച്ചെന്ന് പരാതി. സനലിന്റെ ഭാര്യ വിജി മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് രൂക്ഷ ഭാഷയില്‍ ശകാരിച്ചുകൊണ്ട് അവഹേളിച്ചത്. കടകടകംപള്ളിയും മുഖ്യമന്ത്രിയും വാഗ്ദാനം നല്‍കിയിരുന്ന കാര്യം അറിയിച്ചപ്പോള്‍ സമരം ചെയ്യാതെ മുഖ്യമന്ത്രിയെ കാണാനായിരുന്നു മന്ത്രിയുടെ ശകാരമെന്ന് വിജി പറഞ്ഞു.
ഒരു മാസം കൊണ്ട് തരാന്‍ ജോലി ആരും എടുത്തുവെച്ചിട്ടില്ല. ജോലിക്കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പുനല്കിയെങ്കില് സമരം കിടക്കാതെ പോയി മുഖ്യമന്ത്രിയെ കാണണം. മുഖ്യമന്ത്രിയൂടെയും ഉദ്യോഗസ്ഥരുടെയും കയ്യില്‍ ജോലി ഇരിപ്പില്ലെന്നും മന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം കിടക്കുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി വിജിയോട് ആവശ്യപ്പെട്ടു.
സഹായത്തിനായി പല മന്ത്രിമാരെയും വിളിച്ചിരുന്നുവെങ്കിലും ഫോണ്‍ എടുത്തത് മന്ത്രി മണി മാത്രമാണെന്നും വിജി പറഞ്ഞു. ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് വിജി സമരപ്പന്തലില്‍ ഇരുന്ന് പൊട്ടിക്കരയുകയായിരുന്നു. ഡിവൈഎസ്പി ഹരികുമാര്‍ പ്രതിയായ സനലിന്റെ കൊലപാതക കേസില്‍ നീതി തേടിയാണ് കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയും ധനസഹായവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ സമരത്തിനിറങ്ങിയത്. സമരം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.






