
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി നടത്തുന്ന നിരാഹാര സമരം സനലിന്റെ മാതാവ് ഏറ്റെടുക്കുന്നു. രാവിലെ സനലിന്റെ അമ്മ സമരപ്പന്തലില്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. ജോലി ഉള്‍പ്പെടെ സര്‍ക്കാര്‍ നടത്തിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് 12 ദിവസമായി വിജി സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരത്തിലായിരുന്നു.
ജോലിയും സഹായവാഗ്ദാനങ്ങളും ലഭിച്ചില്ലെന്ന് ആരോപിച്ചാണ് വിജി വീണ്ടും സമരപന്തലിൽ എത്തിയത്. കഴിഞ്ഞ 12 ദിവസങ്ങളായി സെക്രട്ടറിയേറ്റ് പടിയ്ക്കൽ റിലേ സത്യാഗ്രഹത്തിലാണ് വിജിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് സമരം സനലിന്റെ മാതാവ് ഏറ്റെടുക്കുന്നത്. സമരപ്പന്തലില്‍ ഇന്നലെ വിജി കുഴഞ്ഞു വീണിരുന്നു. വിജിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഡിസംബർ 10നാണ് വിജിയും കുടുംബവും സമരം ആരംഭിച്ചത്. സനലിന്റെ മരണത്തിന് കാരണക്കാരനായ ഡിവൈ.എസ്. പി ആത്മഹത്യ ചെയ്തതോടെ സർക്കാർ വാഗ്ദാനങ്ങളിൽ നിന്ന് പിന്മാറിയെന്നാണ് വിജിയുടെ ആരോപണം. സമരം 12 ദിവസം പിന്നിട്ടിട്ടും സർക്കാർ തിരിഞ്ഞ് നോക്കാത്തതിൽ വിജി കടുത്ത വിഷമം അനുഭവിച്ചിരുന്നതായി സനലിന്റെ മാതാവ് രമണി പറഞ്ഞു. നിരാഹാര സമരം നടത്തുന്ന വിജിയെ കഴിഞ്ഞ ദിവസം മന്ത്രി എംഎം മണി അപഹസിച്ച സംസാരിച്ചത് വലിയ വിവാദമായി മാറിയിരുന്നു.






