
ന്യൂഡല്‍ഹി : മീ ടു ആരോപണങ്ങളെ തുടര്‍ന്ന് മലയാളി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് പുറത്ത് വന്നു. ഭാര്യയ്ക്കെഴുതിയ ആത്മഹത്യാ കുറിപ്പില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് യുവാവ് വ്യക്തമാക്കുന്നു. നോയിഡയിലെ ജെന്‍പാക്റ്റ് കമ്പനി ഉദ്യോഗസ്ഥനായ സ്വരൂപ് രാജാണ് ആത്മഹത്യ ചെയ്തത്. മീ ടു ആരോപണങ്ങളെ തുടര്‍ന്ന് സ്വരൂപിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് ഭാര്യക്കായി വികാര നിര്‍ഭരമായ ഒരു കുറിപ്പ് തയ്യാറാക്കിയ ശേഷം സ്വരൂപ് ജീവനൊടുക്കിയത്.
സ്വരൂപിന്റെ കത്തിലെ വരികള്‍..
'ഹായ് കൃതി, നിന്നെ ഞാന്‍ എത്രമാത്രം സ്നേഹിക്കുന്നു എന്ന് നീ അറിയണം. രണ്ട് വനിതാ സഹപ്രവര്‍ത്തരാണ് എന്റെ പേരില്‍ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പക്ഷെ എന്നെ വിശ്വസിക്കണം.. ഞാന്‍ ഒന്നും ചെയ്തിട്ടില്ല.. ലോകം അത് മനസിലാക്കുമെന്ന് എനിക്ക് അറിയാം..നീയും നമ്മുടെ കുടുംബവും എന്നെ വിശ്വസിച്ചേ മതിയാകു.. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.. പക്ഷെ കമ്പനിയിലെ എല്ലാവരും അത് അറിഞ്ഞു കഴിഞ്ഞു.. ഇനി അവരുടെയൊക്കെ മുഖത്ത് നോക്കാനുള്ള ധൈര്യം എനിക്കില്ല'..
' നീ ധൈര്യമായി ഇരിക്കണം..നിന്റെ ഭര്‍ത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല.. ആ ഉറച്ച വിശ്വാസത്തില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി തന്നെ ജീവിക്കണം. ഇനി എന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടാലും എല്ലാവരും എന്നെ സംശയദൃഷ്ടിയോടെ മാത്രമെ നോക്കുകയുള്ളു.. അതുകൊണ്ട് ഞാന്‍ പോവുകയാണ് '..
എറണാകുളം കോതമംഗലം സ്വദേശിയാണ് 35കാരനായ സ്വരൂപ്. ഇയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു.






