ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് അഴിമതിക്കേസില്‍ ഏഴ് വര്‍ഷം തടവുശിക്ഷ. 25 ലക്ഷം ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്. പാക്കിസ്ഥാന് അഴിമതി വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. നവാസിന്റെ വസ്തുവകകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. വിദേശത്തെ സ്വത്ത് അനധികൃത സമ്പാദ്യമല്ലെന്ന് തെളിയിക്കാന്‍ നവാസ് ഷെരീഫിനായില്ലെന്ന് കോടതി നിരീക്ഷിച്ചു.
സൗദി അറേബ്യയില്‍ നവാസ് ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള അല്‍ അസീസിയ ഉരുക്ക് നിര്‍മ്മാണശാല അനധികൃതമായി സമ്പാദിച്ചതാണെന്നായിരുന്നു കേസ്. അതേസമയം ഫ്ളാഗ്ഷിപ്പ് ഇന്‍വെസ്റ്റ്മെന്റ് കേസില്‍ നവാസ് ഷെരീഫിനെ കുറ്റവിമുക്തനാക്കി.
പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ ഇക്കഴിഞ്ഞ ജൂലൈയിലാണ് അനധികൃത സ്വത്ത് കേസില അഴിമതി വിരുദ്ധ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. അഴിമതിയും കള്ളപ്പണവും പുറത്തുകൊണ്ടുവരുന്ന പനാമ പേപ്പര്‍ വെളിപ്പെടുത്തലിന് പിന്നാലെയാണ് നവാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടത്. ഇതിന് പിന്നാലെ അനധികൃത സ്വത്ത് കേസില്‍ ജയിലിലാകുകയും ചെയ്തു.
അനധികൃത സ്വത്ത് കേസുകള്‍ അഴിമതി വിരുദ്ധ കോടതിയുടെ പരിഗണനയിലായിരുന്നു. ഈ കേസില്‍ തിങ്കളാഴ്ചയ്ക്കകം വിധി പറയണമെന്ന് പാക്കിസ്ഥാന് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കോടതി വിധി.






