
പാലക്കാട്: വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാതായതായി പരാതി. സംഭവത്തിൽ ഷൊർണൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാണിയംകുളം കൃഷ്ണകൃപയിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്.
കഴിഞ്ഞ നാല് ദിവസമായി ഇവരുടെ വീട് പൂട്ടിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിച്ച് അന്വേഷിച്ചെങ്കിലും കുടുംബത്തെ കണ്ടെത്താനായില്ല. ഇതോടെയാണ് ഷൊർണൂർ പൊലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. വാഹനത്തിൽ മൂന്നുപേരും ഉണ്ടായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മൂന്നുപേരുടെയും മൊബൈൽ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ആണ്. ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ വാണിയംകുളത്തെ പനയൂർ പ്രദേശത്താണ് ഫോണുകളുടെ അവസാന സിഗ്നൽ രേഖപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു.






