
ന്യൂഡൽഹി: ഇൻഡോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള ആറുദിവസത്തെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ തിരിച്ചെത്തി.
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ആദ്യം ഇൻഡോനേഷ്യയിലെത്തിയ പ്രധാനമന്ത്രി, പ്രസിഡന്റ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. പ്രതിരോധം, അപൂർവ ധാതുക്കൾ, കൃഷി, സമുദ്രസുരക്ഷ, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള ധാരണാപത്രങ്ങളും കരാറുകളും ഇരുരാജ്യങ്ങളും കൈമാറി. സന്ദർശനത്തിനിടെ ഇൻഡോനേഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ബിന്താങ് അദിപൂർണ' നൽകി പ്രധാനമന്ത്രി മോദിയെ ആദരിച്ചു.
സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഓസ്‌ട്രേലിയയിലെത്തിയ പ്രധാനമന്ത്രി മെൽബണിൽ നടന്ന മൂന്നാമത് ഇന്ത്യ-ഓസ്‌ട്രേലിയ വാർഷിക ഉച്ചകോടിയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു. ഇന്ത്യയിലേക്ക് യുറേനിയം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട സഹകരണത്തിനും സന്ദർശനം വഴിയൊരുക്കി. ഇന്ത്യയുടെ നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ 500 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ നിക്ഷേപിക്കുമെന്ന് ഓസ്‌ട്രേലിയൻ സൂപ്പർ പ്രഖ്യാപിച്ചു.
സന്ദർശനത്തിന്റെ അവസാന ഘട്ടമായി പ്രധാനമന്ത്രി ന്യൂസിലൻഡിലെ ഓക്‌ലൻഡ് സന്ദർശിച്ചു. ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ തന്ത്രപ്രധാന പങ്കാളിത്തം രൂപീകരിക്കുന്നതായി ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ പ്രഖ്യാപിച്ചു. 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനും ധാരണയായി.






