
ന്യൂഡൽഹി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും. പെരുന്നയിലെ നിലവിലെ നേതൃത്വം സ്വയം ശുദ്ധീകരിക്കപ്പെടുകയോ അല്ലെങ്കിൽ കാലം അവരെ തിരുത്തുകയോ ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഡൽഹിയിൽ നടന്ന മന്നം സ്മൃതി മണ്ഡപം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ രീതികൾക്ക് പകരം പുതിയ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങൾ പ്രകടമായി തുടങ്ങിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
"ഒന്നുകിൽ ഇപ്പോൾ അവിടെ ഇരിക്കുന്നവർ ശുദ്ധീകരിക്കണം, അല്ലെങ്കിൽ സ്വയം ശുദ്ധീകരിക്കപ്പെടും. ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഡൽഹിയിലേത് മികച്ച മാതൃകയാണ്," അദ്ദേഹം പറഞ്ഞു.
സുകുമാരൻ നായരുടെ പേര് പരാമർശിക്കാതെയായിരുന്നു ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ വിമർശനം. താനാണ് എല്ലാം തീരുമാനിക്കുന്നതെന്നും ആരെ വരുത്തണം, ആരെ ഒഴിവാക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും ആരും കരുതരുതെന്ന് അദ്ദേഹം പറഞ്ഞു.
പെരുന്ന മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിക്കാതിരുന്ന സുകുമാരൻ നായരുടെ നടപടിയെയാണ് ഉപരാഷ്ട്രപതിയുടെ പരാമർശം ലക്ഷ്യമിട്ടതെന്നാണ് വിലയിരുത്തൽ. ചടങ്ങിൽ പശ്ചിമ ബംഗാൾ മുൻ ഗവർണർ സി.വി. ആനന്ദബോസും പങ്കെടുത്തു.






