
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന ആഹ്വാനത്തോടെ നടത്തുന്ന സര്‍ക്കാരിന്റെ വനിതാ മതിലിനെ ചൊല്ലി ബിജെപിയിലും ബിഡിജെഎസിലും മുറമുറുപ്പ് ഉയരുന്നു. വനിതാ മതിലില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അനുകൂല നിലപാട് എടുത്തതിനു പിന്നാലെ അതിനെ പിന്താങ്ങി തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്തെത്തിയിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിക്ക് സ്വതന്ത്ര തീരുമാനമെടുക്കാമെന്ന ബിജെപി അധ്യക്ഷന്‍ ശ്രീധരന് പിള്ളയുടെ പ്രസ്താവനയ്ക്കെതിരെയാണ് നിലവില്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയരുന്നത്.
തുഷാര്‍ വിഷയത്തില്‍ ബിജെപിക്കുള്ളില്‍ അതൃപ്തി നിലനില്‍ക്കെ തുഷാറിനെതിരെ ബിഡിജെഎസ് വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടും രംഗത്തെത്തി. ബിജെപി പിന്തുണയോടെ ശബരിമല കര്‍മ്മ സമിതി നടത്തിയ അയ്യപ്പജ്യോതിയില്‍ നിന്ന് വിട്ടു നിന്ന എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി മതിലിനോട് അനുകൂല നിലപാട് എടുത്തത് വന്‍ വിവാദമായിരുന്നു.
വെള്ളാപ്പള്ളിയോടും തുഷാറിനോടുമുള്ള ശ്രീധരന് പിള്ളയുടെ നിലപാടില്‍ ബിജെപിയിലെ വി. മുരളീധര പക്ഷത്തിനും കടുത്ത എതിര്‍പ്പാണുള്ളത്. അയ്യപ്പജ്യോതിയില്‍ നിന്ന് വിട്ടു നിന്നതിനു പിന്നാലെ വനിതാ മതിലിന് സഹകരിച്ചാല്‍ കേന്ദ്ര നേതൃത്വത്തെ സമീപിക്കാനാണ് മുരളീധര പക്ഷത്തിന്റെ നീക്കമെന്നാണ് സൂചനകള്‍.






