തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി സമരം അവസാനിപ്പിച്ചു. അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയും ധനസഹായവും നല്‍കാമെന്ന സര്‍ക്കാര്‍ ഉറപ്പിലാണ് വിജി സമരം അവസാനിപ്പിച്ചത്. സി.എസ്.ഐ സഭയുടെ മധ്യസ്്ഥതയില് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. 22 ദിവസത്തിന് ശേഷമാണ് വിജിയുടെ സമരം അവസാനിക്കുന്നത്.
സനല്‍ കൊല്ലപ്പെട്ടപ്പോള്‍ മന്ത്രിമാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജി സമരം തുടങ്ങിയത്. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ പുതുവര്‍ഷത്തില്‍ സമരം ശക്തമാക്കുമെന്ന് വിജി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ മധ്യസ്ഥത ചര്‍ച്ചയ്ക്ക് സി.എസ്.ഐ സഭാ നേതൃത്വവും ഇടപെട്ടു. ഇതോടെ പ്രശ്നത്തില്‍ സമവായമായി. സമരം അവസാനിപ്പിച്ചതായി വിജി സമരപന്തലില്‍ പ്രഖ്യാപിച്ചു.
ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് സനല്‍ കൊല്ലപ്പെട്ടത്. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയായിരുന്ന ഹരികുമാറുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സനലിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊല്ലുകയായിരുന്നു. ഹരികുമാറിനായി അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇയാളെ മരിച്ച കല്ലമ്പലത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.






