ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന സംഘപരിവാര്‍ സംഘടനകളുടെ ആവശ്യത്തിനെതിരെ കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാന്. സുപ്രീം കോടതി വിധിയാണ് അന്തിമം. അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കണമെന്നും ലോക് ജനശക്തി അധ്യക്ഷന്‍ കൂടിയായ റാം വിലാസ് പാസ്വാന് പറഞ്ഞു.
അയോധ്യ കേസില്‍ സുപ്രീം കോടതി എന്ത് വിധി പുറപ്പെടുവിച്ചാലും അത് അന്തിമമാണ്. അത് ഹിന്ദുവിനായാലും മുസ്ലീമിനായാലും മറ്റേത് സമുദായങ്ങള്‍ക്ക് ആയാലും. ഇക്കാര്യത്തില്‍ ഞങ്ങളുടെ നിലപാട് സ്ഥായിയായിട്ടുള്ളതാണ്. പ്രധാനമന്ത്രി പോലും പറഞ്ഞത് സുപ്രീം കോടതി വിധി വരട്ടെ എന്നാണെന്നും പാസ്വാന് പറഞ്ഞു.
രാമക്ഷേത്രത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ രംഗത്ത് വരുന്ന രണ്ടാമത്തെ എന്‍.ഡി.എ ഘടകകക്ഷി നേതാവാണ് പാസ്വാന്. നേരത്തെ ബീഹാര്‍ മുഖ്യമന്ത്രിയും എന്‍.ഡി.എ ഘടകകക്ഷി ജെ.ഡി.യുവിന്റെ നേതാവുമായ നിതീഷ് കുമാറും ഓര്‍ഡിനന്‍സിനെതിരെ രംഗത്ത് വന്നിരുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തിലും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന നിലപാടാണ് പാസ്വാന്.






