
ധനുഷ്-സായ്പല്ലവി ജോഡികള്‍ ഒന്നിച്ചെത്തിയ മാരി-2 വളരെ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുമ്പോള്‍ യൂട്യൂബില്‍ മാരി-2വിലെ 'റൗഡി ബേബി' എന്ന ഗാനം തരംഗമാവുകയാണ്. 2015-ല്‍ പുറത്തിറങ്ങിയ 'മാരി'യുടെ രണ്ടാം പതിപ്പാണ് 'മാരി-2'. ടൊവീനോ തോമസ് ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മാരി-2വിലെ 'റൗഡി ബേബി' എന്ന ഗാനത്തില്‍ ധനുഷിന്റെയും സായ്പല്ലവിയുടെയും തകര്‍പ്പന്‍ ഡാന്‍സ് തന്നെയാണ് തരംഗമാകുന്നത്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ ഗാനം ട്രന്റിങ്ങില്‍ ഒന്നാമതെത്തി. 41 ലക്ഷത്തോളം ആളുകളാണു ഇതുവരെ 'റൗഡിബേബി'യുടെ വിഡിയോ യുട്യൂബില്‍ കണ്ടത്. മികച്ച പ്രതികരണമാണു സമൂഹമാധ്യമങ്ങളില്‍ ഗാനത്തിനു ലഭിക്കുന്നത്. അസാധ്യ മെയ്വഴക്കത്തോടെയാണു സായ്പല്ലവിയുടെ ചുവടുവെപ്പ്. ധനുഷും ഒട്ടും മോശമല്ല.
ഗാനത്തിന്റെ ലിറിക് വിഡിയോ നേരത്തെ പുറത്തു വന്നിരുന്നു. ധനുഷും ദീയും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. യുവന് ശങ്കര്‍ രാജയുടെ ഗംഭീര സംഗീതത്തില്‍ ഫാസ്റ്റ് നമ്പരിനു വേണ്ട എല്ലാ ചേരുവകളും ചേര്‍ന്നാണു ഗാനം എത്തുന്നത്. 'സായ്പല്ലവിയുടെ ഡാന്‍സ് കാണാന്‍ വേണ്ടി മാത്രം നിരവധി തവണ ഗാനം കണ്ടു' എന്നാണു ചിലരുടെ കമന്റ്. ഈ വര്‍ഷത്തെ മികച്ച ഫാസ്റ്റ് നമ്പറുകളുടെ കൂട്ടത്തില്‍ റൗഡി ബേബിയും ഇടംനേടുമെന്ന അഭിപ്രായവും ഉണ്ട്. വരലക്ഷ്മി ശരത്കുമാര്, കൃഷണകുലശേഖരന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ബാലാജി മോഹനാണു ചിത്രത്തിന്റെ സംവിധാനം.






