
തഞ്ചാവൂര്‍: പ്രണയത്തിന്റെ പേരില്‍ ഇരുപതുകാരനായ എന്‍ജീനീയറിംഗ് വിദ്യാര്‍ത്ഥിയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കുംഭകോണത്ത് ശനിയാഴ്ച രാവിലെയാണ് എസ് മുന്‍താസറിന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ ആത്മാര്‍ത്ഥ സുഹൃത്ത് ഉള്‍പ്പെട്ട മൂന്നു പേരെ തിരുവിടൈമരുത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
മുന്‍താസറിന്റെ വീടിന് ഏഴു കിലോമീറ്റര്‍ അകലെ വീരചോളന്‍ നദിക്കരയിലാണ് മുന്‍താസറിന്റെ മൃതദേഹം കണ്ടെടുത്ത്. വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനഗ. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിന്നില്‍ പ്രണയവൈരാഗ്യമാണെന്ന ഞെട്ടിക്കുന്ന വിവരം പോലീസ് തിരിച്ചറിഞ്ഞത്.
മുന്‍താസറിന്റെ സുഹൃത്തുക്കളായ എം ഇജാസ് അഹമ്മദ്, എം മുഹമ്മദ് ജലാലുദ്ദീന്‍, ആര് മുഹമ്മദ് എന്നിവരാണ് പോലീസ് പിടിയിലായത്. തിരിച്ചിറപ്പള്ളിയിലുള്ള കോളേജ് വിദ്യാര്‍ത്ഥിനിയോട് മുന്താസറിനും ഇജാസിനും പ്രണയമുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് മുന്താസറിനോട് മാത്രമാണ് പ്രണയമെന്ന് അറിഞ്ഞതോടെയാണ് അത്മാര്‍ത്ഥ സുഹൃത്തിനോടുള്ള വൈരാഗ്യം അരുംകൊലയില്‍ അവസാനിച്ചത്.
മുന്‍തസറിന്റെ പിതാവ് വിദേശത്താണ്. വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസം. വെള്ളിയാഴ്ച വൈകിട്ട് സഹോദരിയുടെ വീട്ടിലേയ്ക്കെന്ന് പറഞ്ഞാണ് മുന്‍താസര്‍ ബൈക്കില്‍ പോയത്. പിന്നാലെ വിളിച്ച് സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനു പോകുകയാണെന്ന് മുംതാസിനു വിളി വന്നിരുന്നു. തുടര്‍ന്ന് മുന്‍താസറിനെ തട്ടിക്കൊണ്ടുപോകുകയാണെന്നും അഞ്ച് ലക്ഷം രൂപ നല്കിയാല് മോചിപ്പിക്കാമെന്ന് അമ്മയ്ക്ക് ഫോണ്‍ കോള്‍ കിട്ടി. തിരികെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. പോലീസില്‍ നല്കിയ പരാതിയിലാണ് മുന്‍താസറിന്റെ മൃതദേഹം കണ്ടെടുത്തത്. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.






