
മമ്മൂട്ടിയുടെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് 1989ല്‍ പുറത്തെത്തിയ അഥര്‍വം. മമ്മൂട്ടിയെ കൂടാതെ ചാരു ഹസന്, സില്‍ക്ക് സ്മിത, പാര്‍വതി, തിലകന്, ഗണേഷ് കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ സില്‍ക്ക് സ്മിതയെ അഭിനയിപ്പിച്ചത് അബദ്ധമായെന്ന് പല സുഹൃത്തുക്കളുെ പറഞ്ഞുവെന്നും അതിനാല്‍ പലരും ചിത്രം കാണ്ടില്ലെന്നും വെളിപ്പെടുത്തി സംവിധായകന് ഡെന്നീസ് ജോസഫ്. ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഡെന്നീസ് ജോസഫിന്റെ വാക്കുകള്‍;
അഥര്‍വത്തില്‍ ഒരു ഹില്‍ ട്രൈബ് വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയുടെ റോളിനായി അന്ന് മലയാളത്തില്‍ പ്രസിദ്ധരായിരുന്ന മൂന്ന് നടിമാര്‍ ആ വേഷം ചെയ്തോട്ടെ എന്നു എന്നോട് ഇങ്ങോട്ട് ആവശ്യപ്പെട്ടു. നെല്ലില്‍ ജയഭാരതിയും പൊന്നിയില്‍ ലക്ഷ്മിയും ഒക്കെ ചെയ്ത പോലെയുള്ള നല്ല ഒരു റോളിലേക്ക് വേണ്ടിയാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍ അക്കാലത്ത് സെക്സ് റോളുകളില്‍ മാത്രം തിളങ്ങിയിരുന്ന സില്‍ക്ക് സ്മിത ഈ റോള്‍ ഏറ്റെടുത്താല്‍ എങ്ങനെയിരിക്കുമെന്നായിരുന്നു എന്റെ ചിന്ത. ചിത്രത്തിന്റെ നിര്‍മാതാവായ ഈരാളി ബാലന് സാറും കഥ എഴുതിയ ഷിബു ചക്രവര്‍ത്തിയും എന്നോട് യോജിച്ചു. അതു സംഭവിക്കുകയും ചെയ്തു. എന്നാല്‍ ചില സൂഹൃത്തുക്കള്‍ എന്നോട് നീ അബദ്ധമാണ് കാണിക്കുന്നതെന്നു പറഞ്ഞു. സ്മിതയെപ്പോലെ അഡല്‍ട്ട് റോളുകളില്‍ അഭിനയിക്കുന്ന ഒരു നടിയെ നല്ല റോളിലിട്ടാലും ജനങ്ങള്‍ കാണാന്‍ വരില്ല. ഇങ്ങനെയൊക്കെ കേട്ടെങ്കിലും ഞാന്‍ ഉറച്ചു തന്നെ നില്‍ക്കുകയായിരുന്നു. എങ്കിലും അന്നെനിക്കു താക്കീത് തന്ന സുഹൃത്തുക്കള്‍ പറഞ്ഞതില്‍ പകുതി സത്യമായി സംഭവിക്കുക തന്നെ ചെയ്തു. സില്‍ക്ക് സ്മിത അഭിനയിച്ച പടമെന്ന രീതിയില്‍ ചിത്രം കുഴപ്പം പിടിച്ചതാണോ എന്നു കരുതി പല കുടുംബപ്രേക്ഷകരും ചിത്രം കാണാന്‍ തീയേറ്ററുകളിലെത്തിയില്ല എന്നു പിന്നീടറിഞ്ഞു.






