
മലയാള സിനിമയിലും ടെലിവിഷൻ പരമ്പരകളിലും ഒരുപോലെ സജീവമായ നടിയാണ് സരയു മോഹൻ. 'ചക്കരമുത്ത്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം പിന്നീട് നിരവധി സിനിമകളിൽ നായികയായും സഹനടിയായും തിളങ്ങി. സോഷ്യൽ മീഡിയയിലും സജീവമായ സരയു തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇന്നലെയായിരുന്നു സരയുവിന്റെ പിറന്നാൾ. സഹപ്രവർത്തകരും ആരാധകരുമുൾപ്പെടെ നിരവധിപ്പേരാണ് താരത്തിന് ആശംസകൾ അറിയിച്ചെത്തിയത്. ഇപ്പോഴിതാ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് സരയു പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
"ജന്മദിനം അടർന്നു മാറുമ്പോൾ.... പ്രിയപ്പെട്ടവരെ ആഘോഷിക്കാൻ, അവരുടെ വിശേഷങ്ങൾക്ക് സമ്മാനങ്ങൾ ഒരുക്കാൻ ആഗ്രഹിക്കുന്ന എനിക്ക് പലകാരണങ്ങൾ കൊണ്ടും സാധിക്കാതെ പോയ... അതിൽ അമ്പേ തോറ്റുപോയ വർഷമാണ് 2026... പക്ഷേ ഈ 'വർഷം' മധുരമായി എന്നെ വീണ്ടും തോൽപ്പിച്ചു.. സമ്മാനങ്ങൾ, സർപ്രൈസുകൾ, സ്നേഹാലിംഗനങ്ങൾ... സന്തോഷങ്ങൾ... 12 മണി നേരം വന്ന അത്രയധികം മെസ്സേജുകൾ... മാറ്റി വെയ്ക്കാനോ, കാത്ത് നിൽക്കാനോ നേരമില്ലെന്ന് ഓടുന്ന മനുഷ്യർക്കിടയിൽ, ഇതിന് മാറ്റ് കൂടുതൽ ആണ്. ചേർത്ത് അങ്ങ് പിടിച്ചവർ... ഞാൻ കൂടെ ഉണ്ടെന്ന് പറയാതെ പറഞ്ഞ ഫോൺ കോളുകൾ. ഒരു വരി കുറിക്കാൻ, ഒരു വാക്ക് പറയാൻ, ഒരു ദിവസം മുഴുവൻ കൂടെ കൂടാൻ, ഒരു കുഞ്ഞു സമ്മാനം നൽകാൻ ഉണ്ടായ ശ്രമത്തെ സ്നേഹിക്കുന്നു...."സരയുവിന്റെ വാക്കുകള്‍.
സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായ സനൽ ആണ് സരയുവിന്റെ ഭർത്താവ്. 2016-ലായിരുന്നു ഇവരുടെ വിവാഹം.






