
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും എ പത്മകുമാര്‍ രാജിവെയ്ക്കുമെന്നും ഇല്ലെന്നും അഭ്യൂഹം പരക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ശ്രദ്ധേയമാകുന്നു. ചില സ്ഥാനങ്ങളില്‍ തങ്ങള്‍ ഇരുത്തിയവര്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് തന്നെ ഭാരമാകുകയാണെന്നും ഇത്തരം ഭാരം ഇറക്കി വെയ്ക്കേണ്ടി വരുമെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ദേവസ്വം തലവന്റെ രാജിക്കാര്യം കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി മാറുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞ കാര്യം ചേര്‍ത്തു വായിക്കുകയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍. പത്മകുമാറിനോട് സര്‍ക്കാര്‍ നിര്‍ബ്ബന്ധിച്ച് രാജിക്കത്ത് വാങ്ങിയെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ തൊട്ടു പിന്നാലെ ഇത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന രീതിയില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് നിഷേധക്കുറിപ്പ് ഇറക്കുകയും ചെയ്തു. അതേസമയം മുഖ്യമന്ത്രി വ്യാഴാഴ്ച എകെജി സെന്ററില്‍ നടന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും സംസ്ഥാന കമ്മറ്റി അംഗങ്ങളുടെയും ശില്‍പ്പശാലയില്‍ പങ്കെടുത്തു പറഞ്ഞ കാര്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ തന്നെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് സൂചനകള്‍.
എ പത്മകുമാറില്‍ നിന്നും രാജി എഴുതി വാങ്ങിയെന്നും മകരവിളക്ക് കഴിയുന്നതോടെ അദ്ദേഹം പുറത്താകുമെന്നുമായിരുന്നു വാര്‍ത്തകള്‍. ഇതാണ് ദേവസ്വം പ്രസിഡന്റ് നിഷേധിച്ചത്. താന്‍ രാജി വെയ്ക്കില്ലെന്നും കാലാവധി കഴിയുന്നത് വരെ കസേരയില്‍ തുടരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറയുകയും ചെയ്തു. ബോര്‍ഡിന്റെ കാലാവധി നവംബര്‍ 14 വരെയാണ്. ഇതിനിടയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അനുസരിക്കേണ്ടിയും വരും. അതിനിടയില്‍ സിപിഎം നേതാവ് കൂടിയായ പത്മകുമാര്‍ വന്നാല്‍ കോണ്‍ഗ്രസ് സ്വീകരിക്കാന്‍ തയ്യാറാണെന്ന് കെ മുരളീധരന് എംഎല്‍എ വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫിന്റെ ഏകദിന ഉപവാസ വേദിയിലായിരുന്നു മുരളീധരന് ഇക്കാര്യം പറഞ്ഞത്. ഇന്നല്ലെങ്കില്‍ നാളെ പത്മകുമാറിന് സിപിഎം വിടേണ്ടി വരുമെന്നും മുരളീധരന് പറഞ്ഞു.
ശബരിമല വിഷയത്തില്‍ ശുദ്ധികലശം നടത്തിയതിനെതിരേ തന്ത്രിയോട് വിശദീകരണം ചോദിച്ച് ബോര്‍ഡ് തല്ക്കാലം തടിയൂരിയിട്ടുണ്ടെങ്കിലൂം ശുദ്ധക്രി നടത്തും മുമ്പ് ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവരെ വിവരം അറിയിച്ചെന്ന തന്ത്രിയുടെ വെളിപ്പെടുത്തലില്‍ കാര്യങ്ങള്‍ കുടുതല്‍ കുരുങ്ങൂകയാണ്. 22 നുള്ളിലാണ് തന്ത്രിക്ക് വിശദീകരണം നല്‍കേണ്ടി വരിക. ഇതോടെ ശുദ്ധിക്രിയയുടെ ഉത്തരവാദിത്വം തന്ത്രിയുടെ മാത്രം തലയില്‍ കെട്ടിവെച്ച് ഒഴിയാന്‍ കഴിയില്ലെന്നത് ബോര്‍ഡിനെ ആശങ്കാകുലരാക്കുന്നുണ്ട്. ശുദ്ധക്രിയ നടത്തിയാല്‍ അത് കോടതിയലക്ഷ്യമാകുമെന്ന മുന്നറിയിപ്പും തന്ത്രിക്ക് കിട്ടിയിരുന്നു.






