
തിരുവനന്തപുരം : വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ യു ഡി എഫ് നേതാക്കൾ ഉയർത്തിപ്പിടിച്ചമതേതര നിലപാടിന് പരക്കെ അംഗീകാരം. പതിവിൽനിന്നും തീർത്തും വ്യത്യസ്തമായസമീപനമാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ മുസ്ലിംലീഗ് അംഗങ്ങൾ ഇത്തവണ സ്വീകരിച്ചത്.
പതിവിൽ നിന്നും വ്യത്യസ്തമായി ദേശീയ ഗാനത്തിന് മുൻപായി ദേശീയ ഗീതമായ വന്ദേമാതരം ആലപിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.
1870കളിൽ ബെങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ ഈ ഗീതത്തിൽ ജന്മനാടിനെയും ശക്തിയുടെ പ്രതീകമായ ദുർഗയെയും സമ്പത്തിന്റെ പ്രതീകമായ ലക്ഷ്മിയെയും അറിവിന്റെ പ്രതീകമായ സരസ്വതിയെയും പ്രകീർത്തിക്കുന്നുണ്ട്.
ഡെപ്യൂട്ടി സ്പീക്കറടക്കം മുസ്ലിം സമുദായംഗങ്ങളായ 7പേരും ക്രിസ്ത്യൻ സമുദായംഗങ്ങളായ ആറുപേരും അംഗങ്ങളായുള്ള ഒരു മന്ത്രിസഭയായിട്ടും തികഞ്ഞ ആദരവോടെയാണ് ദേശീയഗീതമായ വന്ദേമാതരം ആലപിച്ചതും എഴുന്നേറ്റു നിന്ന് അവരെല്ലാം അതിനെ ബഹുമാനിച്ചതും.വേണമെങ്കിൽ ജന്മനാടിനെ പ്രകീർത്തിക്കുന്ന ആദ്യത്തെ രണ്ട് ചരണങ്ങൾമാത്രം പാടി അവസാനിപ്പിക്കാമായിരുന്നിട്ടും വ്യത്യസ്ത ബിംബങ്ങളെ പ്രകീർത്തിക്കുന്ന ബാക്കി നാല് ചരണങ്ങൾ കൂടി ആലപിച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങിന്റെ തുടക്കം.
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ മുഴുവൻ മന്ത്രിമാരും കേരളത്തിന്റെ മതേതര മുഖത്തിന്റെ ഭാഗമായി എന്ന പ്രത്യേകതയും ഇപ്രാവശ്യത്തെ സത്യപ്രതിജ്ഞാ ചടങ്ങിനുണ്ടായി. മുൻകാലങ്ങളിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യാൻ എത്തുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അംഗങ്ങൾ തലയിൽ മതചിഹ്നത്തിന്റെ ഭാഗമായ തൊപ്പി ധരിച്ചാണ് എത്തിയിരുന്നത്. എന്നാൽ ഇപ്രാവശ്യം ലീഗിന്റെ സമുന്നത നേതാവായ പി കെ കുഞ്ഞാലിക്കുട്ടിയടക്കം ആരും തലയിൽ തൊപ്പി ധരിച്ചില്ല. മാത്രമല്ല, സത്യപ്രതിജ്ഞാ ചടങ്ങിൽ ലീഗ് അംഗങ്ങൾ സ്ഥിരമായി ഉപയോഗിക്കാറുള്ള 'അള്ളാ ഹുവിന്റെ നാമത്തിൽ' എന്നത് ഒഴിവാക്കി 'ദൈവനാമത്തിൽ' എന്ന് ആക്കുകയും ചെയ്തിരുന്നു.
സത്യപ്രതിജ്ഞാവേദിയിൽ സന്നിഹിതനായിരുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടും ആത്മീയ നേതാവുമായ സയ്യിദ് സാദിഖലി ഷി ഹാബ് തങ്ങൾ വന്ദേമാതരം ആലാപന സമയത്ത് ഭക്ത്യാദരപൂർവ്വം എഴുന്നേറ്റു നിന്ന് ബഹുമാനിച്ചത് കേരളത്തിലെ മതമൈത്രിയുടെ കാര്യത്തിൽ ഒരു പുതു സന്ദേശം നൽകലായിരുന്നു.
ചടങ്ങിൽ പങ്കെടുത്ത മുസ്ലിം സമുദായ നേതാക്കളും പണ്ഡിതരും ക്രിസ്ത്യൻ ബിഷപ്പുമാരും ദേശീയഗീതത്തിന് നൽകിയ ബഹുമാനം ചടങ്ങിൽ പങ്കെടുത്ത വർക്ക് വേറിട്ട അനുഭവമായി.
ഔദ്യോഗിക ചടങ്ങുകളിലും സർക്കാർ പരിപാടികളിലും വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിക്കാമെന്ന് 2026 മെയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.വന്ദേമാതരത്തിന്റെ 150ആം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രഖ്യാപനം.ഈ ദേശീയഗീതത്തിന്റെ പൂർണ്ണരൂപം മൂന്നു മിനിറ്റ് 10 സെക്കൻഡ് സമയത്തിനു ള്ളിലാണ് ആലപിച്ച് തീർക്കേണ്ടത്.






